നരേന്ദ്ര മോദിയുടെ തട്ടകമായിരുന്നു ഗുജറാത്ത്. ഏതു വലിയ തീരുമാനമെടുക്കും മുമ്പേ അദേഹം പറന്നെത്തിയിരുന്നത് അഹമ്മദാബാദിലെ തന്റെ രണ്ടാം വീട്ടിലേക്കായിരുന്നു. മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ തുടര്‍ന്ന ഗുജറാത്ത് സ്നേഹം പക്ഷേ ഇത്തവണ അപ്രതീക്ഷിത തിരിച്ചടിക്ക് വഴിമാറിയിരിക്കുകയാണ്. എന്തുകൊണ്ടാണ് ആത്മവിശ്വാസത്തിന്റെ കെടുമുടിയില് നിന്ന് ബിജെപിയും മോദിയും തകര്‍ന്ന് വീണത്. കാരണം ഒന്നുമാത്രം, ഗുജറാത്തിലെ വോട്ട് ബാങ്കുകളായ പട്ടേല്‍ വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് തന്നെ.
നരേന്ദ്ര മോദി അധികാരത്തിലിരുന്ന കാലത്തെല്ലാം ഗുജറാത്തില്‍ ബിജെപിക്ക് എതിരാളികളെ ഇല്ലായിരുന്നു. വിമര്ശനമുയര്ത്തിയവരെയും എതിരാകുമെന്ന് കരുതിയവരെയും ഒതുക്കുന്നതില്‍ മോദി പ്രത്യേക പ്രാഗത്ഭം കാണിച്ചു. വികസനത്തില്‍ പുതിയ അധ്യായം തീര്‍ത്തതോടെ പൊതുവെ ഉറക്കത്തിലായിരുന്ന കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായി.
ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടേല്‍ സംവരണ മുന്നണി ബിജെപിക്ക് വലിയ തലവേദനയായിരുന്നു. യുവാക്കളായ പട്ടേലുകാര്‍ കൂട്ടത്തോടെ ബിജെപി വിരുദ്ധ ചേരിയിലാകുകയും ചെയ്തു. ഇതാണ് ഇത്തവണ അധികാരം പോകുന്നതിലേക്കും നയിച്ചതും.
കോണ്‍ഗ്രസിന് ഗുജറാത്തില്‍ പലയിടത്തും ബൂത്ത് കമ്മിറ്റികള്‍ പോലുമില്ലായിരുന്നു. ഇവിടെയാണ് രാഹുല്‍ ഗാന്ധിയുടെ കൂര്‍മബുദ്ധി പ്രവര്‍ത്തിച്ചതും. പട്ടേല്‍ സംവരണ മുന്നണിക്ക് ഗുജറാത്തിലെ മുക്കിലും മൂലയിലും നല്ലരീതിയില്‍ സംഘടനാ സംവിധാനമുണ്ടായിരുന്നു. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് പട്ടേലുമാര്ക്കൊപ്പം ചേര്‍ന്നതോടെ കാര്യങ്ങള്‍ ബിജെപിക്ക് കൈവിട്ടുപോയി.