ഇന്ത്യയെന്ന വികാരം മാത്രം, സൈന്യത്തിന് പൂര്‍ണപിന്തുണയുമായി കോണ്‍ഗ്രസ്, സൈനികര്‍ക്ക് പിന്നില്‍ അണിനിരക്കാന്‍ ആഹ്വാനം

armyന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കിയ കരസേനയുടെ നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസും രംഗത്തെത്തി. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ മിന്നലാക്രമണം നടത്തിയ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നതായി കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും സൈന്യത്തിന്റെ നീക്കത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് പ്രസ്താവനയിറക്കി. രാജ്യം പൂര്‍ണമായും സൈന്യത്തിന് പിന്നില്‍ അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ സൈനിക മികവിനെ ചോദ്യം ചെയ്തവര്‍ക്കുള്ള ശരിയായ മറുപടി തന്നെയാണ് ഈ അക്രമത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തതെന്ന നിഗമനത്തിലാണ് നയതന്ത്ര വിദഗ്ധരും. കാര്‍ഗിലുള്‍പ്പെടെയുള്‍പ്പെടെയുള്ള സമയങ്ങളില്‍, ഇന്ത്യ ശീലിച്ച സഹനമാര്‍ഗമാണ് പാക്കിസ്ഥാന്റെ പിന്നീടുള്ള തെമ്മാടിത്തത്തിന് വളംവെച്ചതെന്ന് ഗൗരവകരമായ ആരോപണങ്ങളുമുയര്‍ന്നിരുന്നു. ഉറിയിലും ഇന്ത്യ അതുതന്നെ തുടരുമെന്നായിരുന്നു പാകിസ്ഥാന്റെ വിശ്വാസം.

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സൈന്യത്തിന്റെ നീക്കം. എന്നാല്‍ സ്ഥിതിഗതികള്‍ ശരിയായി വിലയിരുത്തിയശേഷമായിരുന്നു സൈന്യത്തിന്റെ ആക്രമണം. തീവ്രവാദികള്‍ക്കൊപ്പം സൈനികരുമുണ്ടായിരുന്നതിനാല്‍ ആക്രമണത്തെക്കുറിച്ച് രാജ്യാന്തരതലത്തില്‍ വലിയ പ്രതിഷേധം രേഖപ്പെടുത്താന്‍ പോലും പാക്കിസ്ഥാനായില്ല.

Related posts