കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡിൽനിന്ന് സ്വന്തം പാർട്ടിയിലെ നേതാക്കളുടെ ചിത്രങ്ങൾ വെട്ടിമാറ്റിയ കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്നു ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്. ഫ്ളക്സ് ബോർഡിൽനിന്ന് ചില നേതാക്കളുടെ ചിത്രങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ പാർട്ടി തലത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല.
മറിച്ചു പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണു ഡിസിസി നേതൃത്വം സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുതിർന്ന കോണ്‍ഗ്രസ് നേതാവിനെ ഡിസിസി നേതൃത്വം ചുമതപ്പെടുത്തി. ഇന്നു തന്നെ ഇദേഹത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള കോണ്‍ഗ്രസ് നേതാക്കൾ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്.
ജവഹർ ബാലജനവേദി കോട്ടയം ജില്ലാ കമ്മിറ്റി അഞ്ചിന് പൊൻകുന്നത്ത് നടത്തിയ ഓണാഘോഷ പരിപാടിയായ പൂവിളിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സുകളിലെ സംസ്ഥാന, ജില്ലാ നേതാക്കളുടെ ചിത്രങ്ങളാണ് നശിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവർത്തകർ തന്നെ ഇത്തരത്തിൽ ഫളക്സ് ബോർഡിൽനിന്ന് നേതാക്കളുടെ ചിത്രങ്ങൾ വെട്ടിമാറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്്.
കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കൾ രാത്രിയിൽ ബൈക്കിലെത്തി വെട്ടിമാറ്റുന്ന ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞിരിക്കുന്നത്. ബസ്സ്റ്റാൻഡിൽ പോലീസ് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.മിനി സിവിൽ സ്റ്റേഷൻ, പുത്തനങ്ങാടി, കുരിശുങ്കൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകളും നശിപ്പിച്ചു. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനുള്ളിലെ പോരാണ് ചിത്രങ്ങൾ വെട്ടിമാറ്റുന്നതിന് കാരണമെന്ന് കോണ്‍ഗ്രസിലെ നേതാക്കൾ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട പാർലമെൻറ് സെക്രട്ടറി രഞ്ജു തോമസ്, ഡിസിസി ജനറൽ സെക്രട്ടറി ഷിൻസ് പീറ്റർ എന്നിവരുടെ ചിത്രങ്ങളാണ് ഫ്ലക്സുകളിൽ നിന്നു നീക്കം ചെയ്തിരിക്കുന്നത്. ചില ബോർഡുകളിൽ നിന്ന് ഉദ്ഘാടകനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡൻറ് എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, ആന്റോ ആൻറണി എംപി, പി.എ. സലീം, തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്.
ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സിബു ദേവസ്യാ പോലീസിൽ പരാതി നൽകി. ഇതിനെതുടർന്നു കാഞ്ഞിരപ്പള്ളി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചതോടെയാണു സംഭവം പുറത്താകുന്നത്. കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹിയെയും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹിയെയും വാർഡ് പ്രസിഡന്റിനെയുമാണ് ദൃശ്യങ്ങളിൽ നിന്നു തിരിച്ചറിഞ്ഞിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
അതേസമയം ജവഹർ ബാലജനവേദി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നാണു ഡിസിസി നേതൃത്വം പറയുന്നത്. 18 വയസിൽ താഴെയുള്ള കുട്ടികളാണു ബാലജനവേദിയിൽ അംഗങ്ങളായിട്ടുള്ളത്. ഫ്ളക്സ് ബോർഡിലെ ചിത്രങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഒരു നേതാവിനോടുള്ള വൈരാഗ്യമാണു സംഭവത്തിനു പിന്നിലെന്നും ഡിസിസി നേതൃത്വത്തിനു സൂചന ലഭിച്ചിട്ടുണ്ട്.