പത്തനാപുരം:കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് കലഹം പത്തനാപുരത്ത് വീണ്ടും രൂക്ഷമാകുന്നു. എ, ഐ ഗ്രൂപ്പുകൾ തമ്മിലുളള പോര് നേതൃത്വത്തേയും വെട്ടിലാക്കിയിരിക്കുകയാണ്.പിടവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് പുതിയ വിവാദം. യുഡിഎഫ് ഭരണം നടത്തുന്ന ബാങ്കിൽ ഐ ഗ്രൂപ്പിലെ ബിനുവായിരുന്നു ബാങ്ക് പ്രസിഡന്റ്. കഴിഞ്ഞ ആഴ്ച നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽഐ ഗ്രൂപ്പിന് ആറും, എ ഗ്രൂപ്പിന് അഞ്ചും അംഗങ്ങളെ ലഭിച്ചു.
നിലവിലെ സാഹചര്യത്തില്‍ ബിനുവിനെ തന്നെ പ്രസിഡന്റാക്കാനായിരുന്നു (ഐ) ഗ്രൂപ്പ് തീരുമാനം.എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പും അവകാശവാദം ഉന്നയിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ (എ) ഗ്രൂപ്പിലെ ലാലുമോന് ആറ് വോട്ട് നേടി അട്ടിമറി വിജയത്തിലൂടെ പ്രസിഡന്റായി. ഐ ഗ്രൂപ്പിലെ ഒരാളുടെ വോട്ട് കൂടി ലഭിച്ചാണ് ലാലുമോന് തുണയായത്.
പ്രസിഡന്റിനെ അംഗീകരിക്കില്ലന്ന നിലപാടുമായി ഐ ഗ്രൂപ്പുകാർ രംഗത്ത് വരികയും സെക്രട്ടറിക്ക് മുമ്പാകെ രാജി സമർപ്പിക്കുകയും ചെയ്തു. എ ഗ്രൂപ്പിന് വോട്ട് നൽകിയ അംഗമുൾപ്പെടെ ആറ് പേരും രാജി സമർപ്പിച്ചിരിക്കുകയാണ്.
ഇതോടെ പിടവൂർ സർവ്വീസ് സഹകരണ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രശ്നം രൂക്ഷമായിട്ടും ഇന്നലെ പത്തനാപുരത്തെത്തിയ ഡിസിസി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഇടപെട്ടില്ല. ചർച്ചക്ക് ഇല്ലെന്ന് നിലപാടിലാണ് ഐ ഗ്രൂപ്പ് നേതൃത്വം.