ചാവക്കാട്: കോണ്‍ഗ്രസിനെ നശിപ്പിക്കാൻ ശ്രമിച്ചവർ കോണ്‍ഗ്രസ് തിരിച്ചു വരണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. നാലുവർഷംകൊണ്ട് കോണ്‍ഗ്രസിന്റെ അഭാവം ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.വി. അബൂബക്കർ, കെ. ബീരു എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ അനുസ്മരണ സമ്മേളനം തിരുവത്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.സ്വാതന്ത്ര്യ സമരനേതാക്കളെ പുതിയതലമുറയ്ക്ക് പരിചയപ്പെടുത്തികൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാം ത്യജിച്ച് അവർ നടത്തിയ പോരാട്ടമാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി. ഷാനവാസ് അധ്യക്ഷനായിരുന്നു. എഐസിസി അംഗം, ഡിസിസി പ്രസിഡന്റ്, നഗരസഭ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച എം.വി. അബൂബക്കറിന്റെ ഓർമക്കായി ഏർപ്പെടുത്തിയ പ്രഥമ കർമശ്രേഷ്ഠ പുരസ്കാരം മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനും നഗരസഭയുടെ പ്രഥമ ചെയർമാനിയുരന്ന കെ. ബീരുവിന്റെ ഓർമക്കായി സമർപ്പിക്കുന്ന ജീവകാരുണ്യ പുരസ്കാരം പ്രവാസി വ്യവസായി ഇ.പി. മൂസഹാജിക്കും ഉമ്മൻചാണ്ടി സമർപ്പിച്ചു.
കെ. നവാസ്, ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, മുൻ എംഎൽഎമാരായ പി.എ. മാധവൻ, ടിവി. ചന്ദ്രമോഹൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ബാബു ചാലിയാർ, പ്രദീപ് ആലിപ്പിരി എന്നിവർ പ്രസംഗിച്ചു. സി.എ. ഗോപപ്രതാപൻ, പി. യതീന്ദ്രദാസ്, എം.വി. ഹൈദരാലി, ഉമ്മർ മുക്കണ്ടത്ത്, കെ.കെ. കാർത്ത്യായനി തുടങ്ങിയവർ നേതൃത്വം നൽകി.