പുന്നംപറന്പ്: തെക്കുംകര മണ്ഡലം കോൺഗ്രസിൽ പൊട്ടിത്തെറി. മണ്ഡലം കമ്മിറ്റി യോഗത്തിൽ നിന്നും ഐ ഗ്രൂപ്പ് ഇറങ്ങിപ്പോയി.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിക്കു കാരണമായത് ഏകപക്ഷീയമായ തീരുമാനങ്ങൾ മൂലം സ്ഥാനാർഥി നിർണയത്തിൽ വന്ന അപാകതകൾ കാരണമാണെന്നു മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി യോഗത്തിൽ ഐ ഗ്രൂപ്പ് ആരോപിച്ചു.
പനങ്ങാട്ടുകര വാർഡിൽ നിർത്തിയ സ്ഥാനാർഥിയെ സമുദായ സമവാക്യം എന്ന വാദമുയർത്തി ഒഴിവാക്കിയതു മണ്ഡലത്തിലെ ക്രിസ്ത്യൻ സമുദായാംഗങ്ങളെ വ്രണപ്പെടുത്തി.ഇത്തരം നെറികേടുകൾക്കു നേതൃത്വം നൽകിയ മണ്ഡലം പ്രസിഡന്റ് ചെയർമാനായ സ്ഥാനാർഥി നിർണയ സമിതിക്കെതിരെയും മൗനാനുവാദം നൽകിയ എംഎൽഎയെയും ബ്ലോക്ക് പ്രസിഡന്റിനെയും പാർട്ടിതല നടപടിയെടുത്തു മണ്ഡലത്തിന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കി നിർത്തണമെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കുംവരെ മണ്ഡലംതല പരിപാടികളിൽ നിന്നു വിട്ടുനിൽക്കുമെന്നു നേതൃത്വം അറിയിച്ചു. നേതാക്കളായ ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് വി.എം. കുരിയാക്കോസ്, ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് എൽദോ തോമസ്, വി.ജി. സുരേഷ്കുമാർ, ബ്ലോക്ക് സെക്രട്ടറിമാരായ ടി.എ. ശങ്കരൻ, വറീത് ചിറ്റിലപ്പിള്ളി, ജയ്സൻ മാത്യു, മണ്ഡലം ഭാരവാഹികളായ വിനയൻ പൂവന്തറ,
എ.ആർ. സുകുമാരൻ, പി.കെ. മോഹനൻ, കെ.സി.മോഹനൻ, പ്രകാശൻ മങ്കര, സണ്ണി മാരിയിൽ, രാജി ബൈജു, ജോഷി കല്ലിയേൽ, ബൈജു കുണ്ടുകാട്, ജോണി ചിറ്റിലപ്പിള്ളി, സി.വി. ഹരിപ്രസാദ്, ബൈജു കുണ്ടുകാട്, എൻ.ജെ. ഐസക്, സി.വി. വിജയൻ, തോമസ് വാഴാനി, കെ.സി. മോഹനൻ, രാധാകൃഷ്ണൻ മംത്തിലാത്ത്, സി.പി. ജോണ്സണ് തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.