തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്നു കോണ്ഗ്രസ് നേതൃയോഗത്തിൽ പൊതുവികാരം. തൃശൂർക്കാരനായ സ്ഥാനാർഥിയെ മൽസരിപ്പിക്കണമെന്ന് ഡിസിസി ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടേയും യോഗത്തിൽ പ്രസംഗിച്ച മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ച യോഗം കെപിസിസി ജനറൽ സെക്രട്ടറി എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് പ്രവർത്തകരുടെ വികാരം കെപിസിസിയെ അറിയിക്കണമെന്നും യോഗത്തിൽ പ്രസംഗിച്ച നേതാക്കൾ ആവശ്യപ്പെട്ടു.
കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സൻ, ന്യൂനപക്ഷ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, ഡിസിസി ജനറൽ സെക്രട്ടറി എം.എസ്. അനിൽകുമാർ തുടങ്ങിയ നേതാക്കളാണ് ആ ആവശ്യം ഉന്നയിച്ചത്.ജയിക്കാൻ പ്രാപ്തരായ സ്ഥാനാർഥികൾ തൃശൂർ മണ്ഡലത്തിൽതന്നെയുണ്ട്. ഗ്രൂപ്പ്, മതം എന്നിങ്ങനെ ഏത് വിഭാഗത്തിലും വിദ്യാഭ്യാസവും അനുഭവസന്പത്തുമുള്ളവർ ഉണ്ട്.
അവരെ മൽസരിപ്പിക്കാതെ ഇറക്കുമതി സ്ഥാനാർഥികളെ ചുമക്കാൻ കഴിയില്ലെന്നു യോഗത്തിൽ പ്രസംഗിച്ചവർ നിലപാടെടുത്തു. പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടുവേണം സ്ഥാനാർഥി നിർണയമെന്നും അവർ ആവശ്യപ്പെട്ടു.
“വരത്തന്മാർ വേണ്ടെ’ന്നു കഴിഞ്ഞ ദിവസം നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.