![](https://www.rashtradeepika.com/library/uploads/2020/09/congress.jpg)
തുറവൂർ: നേതാക്കളുടെ കൂട്ടത്തോൽവിയിൽ ഞെട്ടിത്തരിച്ച് കോൺഗ്രസ്. ഡിസിസി സെക്രട്ടറിമാരും ബ്ലോക്ക് ഭാരവാഹികളുടെയും വമ്പൻ പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്.
ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ഉമേശൻ, കെ. രാജീവൻ, തുറവൂർ ദേവരാജ്, ടി. എച്ച്. സലാം തുടങ്ങിയ നേതാക്കൾ പരാജയപ്പെട്ട പ്രമുഖരിൽപെടുന്നു.
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിസിസി സെക്രട്ടി തുറവൂർ ദേവരാജൻ വലിയ പരാജയമാണ് വയലാർ ഡിവിഷനിൽ നിന്ന് ഏറ്റുവാങ്ങിയത്. ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിൽ മത്സരിച്ച ടി.എച്ച് സലാമും മൂവായിരത്തിൽപ്പരം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ചങ്ങരം ഡിവിഷനിൽ നിന്ന് മത്സരിച്ച കെ. ഉമേശൻ 1000ലധികം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. പാർട്ടിയിൽ ഏറെ ചർച്ചയായിരിക്കുന്നത് കോടംതുരുത്ത് പഞ്ചായത്തിലേക്ക് മത്സരിച്ച
ഡിസിസി ജനറൽ സെക്രട്ടറി കെ. രാജീവൻ്റെ പരാജയമാണ് കഴിഞ്ഞ അരൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ലിസ്റ്റിൽ പ്രധാനിയായ രാജീവൻ ഗ്രാമ പഞ്ചായത്ത് വാർഡിൽ മൂന്നാം സ്ഥാനത്ത് പോയത് കോൺഗ്രസിൽ വലിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്.
നേതാക്കളുടെ കൂട്ടത്തോൽവി വരുംദിവസങ്ങളിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ ചർച്ചയാകും. ചില സീനിയർ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന കാലുവാരൽ ആണ് പ്രമുഖ നേതാക്കളുടെ പരാജയത്തിന് കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്.
പരാജയപ്പെട്ടവരിൽ കോൺഗ്രസിൻറെ ബ്ലോക്ക് ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും ഭാരവാഹികളും ഉണ്ട്.