തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്ദി വേദിയില് തന്നെ മനഃപൂര്വം അവഗണിച്ചെന്ന് കെ.മുരളീധരന് എംപി. പാര്ട്ടിക്ക് തന്റെ സേവനം വേണ്ടെങ്കില് അറിയിച്ചാല് മതി. ഒരാള് ഒഴിവായാല് അത്രയും നല്ലതെന്നാണ് അവരുടെയൊക്കെ മനോഭാവമെന്നും അദ്ദേഹം വിമര്ശിച്ചു.
വേദിയില് ഉണ്ടായിരുന്നത് മൂന്ന് മുന് കെപിസിസി പ്രസിഡന്റുമാരാണ്. രമേശ് ചെന്നിത്തലയ്ക്കും, എം.എം.ഹസനും സംസാരിക്കാന് അവസരം നല്കി, തനിക്ക് മാത്രമാണ് അവസരം നല്കാതിരുന്നതെന്ന് മുരളീധരന് തുറന്നടിച്ചു.
പരിപാടി സംബന്ധിച്ച് കോണ്ഗ്രസ് മുഖപത്രമായ വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേര് വച്ചില്ല. അവഗണനയുടെ കാരണം എന്താണെന്ന് തനിക്കറിയില്ല.
സ്വരം നന്നായിരിക്കുമ്പോള് തന്നെ പാട്ട് നിര്ത്താന് താന് തയാറാണ്. പാര്ട്ടിക്ക് തന്റെ സേവനം ആവശ്യമില്ലെങ്കില് അറിയിച്ചാല് മതി താന് മാറി നിന്നോളാമെന്ന് കെ.സി.വേണുഗോപാലിനെയും, കെ.സുധാകരനെയും അറിയിച്ചെന്നും മുരളീധരന് കൂട്ടിചേര്ത്തു.