കെട്ടിപ്പിടുത്ത നയതന്ത്രം ഉപേക്ഷിക്കാന്‍ ഭാവമില്ല! ഇസ്രായേല്‍ പ്രധാനമന്ത്രിയ്ക്ക് നരേന്ദ്രമോദി നല്‍കിയ സ്വീകരണത്തിന് പിന്നാലെ കോണ്‍ഗ്രസ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോ വൈറല്‍

നേതാക്കളെയും സഹപ്രവര്‍ത്തകരെയും കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വഭാവത്തെ അദ്ദേഹത്തിന്റെ കെട്ടിപ്പിടുത്ത നയതന്ത്രം എന്നു പറഞ്ഞാണ് പ്രധാന എതിരാളികളായ കോണ്‍ഗ്രസ് പരിഹസിച്ചത്. മോദിയാകട്ടെ ആ പേര് തനിക്ക് ചേരും എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടുമിരിക്കുകയാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് കഴിഞ്ഞ ദിവസം പ്രോട്ടോകോള്‍ ലംഘിച്ച് പ്രധാനമന്ത്രി നല്‍കിയ സ്വീകരണത്തിന് പിന്നാലെ ”കെട്ടിപ്പിടുത്ത നയതന്ത്രം” എന്ന പേരില്‍ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയും പരിഹാസവുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഏറ്റവും മോശമായ വ്യാഖ്യാനമാണ് ഇതെന്നും പക്വതയുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി ഇങ്ങിനെ പെരുമാറാന്‍ പാടില്ലെന്നും ബിജെപി ട്വിറ്ററില്‍ വിമര്‍ശിച്ചു. ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തുന്ന വിദേശനേതാക്കളെ കെട്ടിപ്പിടിച്ച് മോദി നടത്തുന്ന സ്വീകരണത്തെയാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് ഇക്കാര്യത്തില്‍ ഒടുവില്‍ ഇരയായത്. ആലിംഗന നയതന്ത്രം എന്നാണ് ഇതിന് കോണ്‍ഗ്രസിന്റെ പരിഹാസം.

വീഡിയോയില്‍ പ്രധാനമന്ത്രി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ത്, മെക്സിക്കന്‍ പ്രസിഡന്റ് എന്റിക് പെനെ നീറ്റേ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവരെ ആലിംഗനം ചെയ്യുന്നതാണ് വീഡിയോ. വനിതകളായ ഭരണാധികാരികളുമായുള്ള പ്രധാനമന്ത്രിയുടെ ഇടപെടലുകള്‍ കുഴപ്പം പിടിച്ചത് എന്നാണ് കോണ്‍ഗ്രസ് പരിഹാസം. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജലാ മെര്‍ക്കല്‍, ജപ്പാന്‍ പ്രഥമ വനിത അകി അബേ എന്നിവരുമായുള്ള പ്രധാനമന്ത്രിയുടെ സ്വീകരണവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Related posts