പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ജില്ലയിലെ കോണ്‍ഗ്രസിൽ പൊട്ടിത്തെറി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ നേതൃയോഗത്തിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ. ഷംസുദ്ദീൻ ഉയർത്തിയ ആരോപണങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. പിന്നാലെ കൂടുതൽ നേതാക്കൾ ഷംസുദ്ദീനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയതോടെയാണ് വിവാദം ചൂടുപിടിച്ചത്.
തെരഞ്ഞെടുപ്പ് അവലോകനങ്ങളിൽ പൊതുപ്രസ്താവനയായി യുഡിഎഫ് വിജയിക്കുമെന്ന് ജില്ലാ നേതൃത്വം അവകാശപ്പെടുന്പോഴും സംസ്ഥാന നേതൃത്വത്തിന്റെ അവസാന സാധ്യത ഗണത്തിലാണ് പത്തനംതിട്ട. പത്തനംതിട്ട റിപ്പോർട്ടുകളുടെ പിൻബലത്തിൽ ഉറച്ചവിജയം ലഭിക്കുന്ന മണ്ഡലമായി കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി പോലും പത്തനംതിട്ടയെ കണക്കിലെടുത്തിട്ടില്ല. യുഡിഎഫ് പിന്നിൽ പോകുന്പോൾ ജയസാധ്യത ബിജെപിക്കാണെന്ന റിപ്പോർട്ടുകൾ നേതാക്കളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ ശിവദാസൻ നായർക്ക് ഉണ്ടായ അതേ അനുഭവമാണ് ആന്റോ ആന്റണിക്ക് ഇക്കുറി ഉണ്ടാകാൻ പോകുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് ജില്ലാ കമ്മറ്റിയിൽ എ. ഷംസുദ്ദീൻ പറഞ്ഞത്. ആന്റോയെ കാലുവാരാൻ ചില നേതാക്കൾ മത്സരിച്ചുവെന്ന രൂക്ഷമായ ആരോപണവും അദ്ദേഹം അഴിച്ചു വിട്ടു.
പത്തനംതിട്ട നഗരസഭയിൽ അടക്കം കോണ്‍ഗ്രസിന്റെ വോട്ടുകൾ എൻഡിഎ പാളയത്തിലേക്ക് മറിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഷംസുദ്ദീന്റെ വിയോജിപ്പ് കണക്കിലെടുക്കാതെ ആന്റോ ആന്റണി വിജയിക്കുമെന്നൊരു പ്രസ്താവനയും നടത്തി യുഡിഎഫ് യോഗം പിരിയുകയായിരുന്നു. എന്നാൽ, ഈ വിഷയം പൊതുവേദിയിൽ ഉന്നയിക്കുകയാണ് ഇപ്പോൾ ഷംസുദ്ദീൻ.
ജില്ലയിലെ കോണ്‍ഗ്രസിനെ രക്ഷിക്കാൻ സർജിക്കൽ സ്ട്രൈക്ക് വേണമെന്ന് ഷംസുദീൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ആന്റോ ആന്റണിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിനെതിരെ ഡിസിസി നേതൃത്വം രംഗത്തെത്തിയത് വോട്ടർമാർക്കിടയിൽ അവമതിപ്പുണ്ടാക്കി. സിറ്റിംഗ് എംപിയുടെ പേര് ഒഴിവാക്കി സ്ഥാനാർഥികളുടെ പാനൽ തയാറാക്കിയതിന് പ്രചാരണരംഗത്ത് ഉടനീളം മറുപടി പറയേണ്ടിവന്നു.
ഇതിനിടെ ചില ഡിസിസി ഭാരവാഹികൾ അടക്കം ബിജെപി സ്ഥാനാർഥിയുടെ വിജയസാധ്യത അരക്കിട്ടുറപ്പിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതും അഭിപ്രായ സർവേയിൽ ഇതേ അഭിപ്രായം രേഖപ്പെടുത്തിയതുമെല്ലാം പാർട്ടിക്കുള്ളിൽ ചർച്ചയായി.
ബിജെപി ഉയർത്തിവിട്ട വികാരത്തെ തടയിടാൻ രംഗത്ത് എത്തേണ്ടിയിരുന്ന കോണ്‍ഗ്രസ് നേതാക്കൾ മൗനം പാലിച്ചുവെന്ന ആക്ഷേപമാണ് പ്രധാനമായും ഉയരുന്നത്. ഇതിനെയെല്ലാം അതിജീവിച്ച് ആന്റോ വിജയിച്ചാൽ അതിൽ ഡിസിസിക്ക് യാതൊരു പങ്കുമുണ്ടായിരിക്കില്ലെന്നും നേട്ടം ജനങ്ങളുടേതായിരിക്കുമെന്നുമാണ് മുൻ ഡിസിസി വൈസ് പ്രസിഡന്റ് കൂടിയായ എ. ഷംസുദ്ദീൻ അഭിപ്രായപ്പെട്ടത്.