തിരുവനന്തപുരം: കെ- റെയിൽ പദ്ധതി വിഷയത്തിൽ സിപിഎം നടത്തുന്ന ലഘുലേഖ പ്രചാരണത്തിനു ബദലുമായി കോൺഗ്രസ്. പദ്ധതിയുടെ ദോഷവശങ്ങൾ ചൂണ്ടിക്കാട്ടുന്ന ലഘുലേഖയുമായി വീടുകൾ തോറും കയറിയിറങ്ങാനാണ് കോൺഗ്രസും നീക്കം തുടങ്ങിയിരിക്കുന്നത്.
ഭൂമി നഷ്ടപ്പെടുന്നവരെ സമരമുഖത്തേക്കു കൊണ്ടുവരാനും ആലോചനയുണ്ട്.
കെ- റെയിൽ പദ്ധതിക്കെതിരേ ആദ്യഘട്ടത്തിൽ നടത്തിയ പ്രതിഷേധങ്ങൾ സർക്കാർ തള്ളിക്കളയുന്ന സാഹചര്യത്തിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ഇതേക്കുറിച്ചു ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ഇന്നു ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒന്നാം തീയതിയിലേക്കു മാറ്റിയിട്ടുണ്ട്. ഇതിനുശേഷം യുഡിഎഫ് യോഗം ചേർന്ന് ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകും.
രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ -റെയിൽ അട്ടിമറിക്കാൻ യുഡിഎഫ്- ബിജെപി ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ട് ശ്രമിക്കുന്നെന്നാണ് സിപിഎമ്മിന്റെ ആരോപണം.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലഘുരേഖയുമായി വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ മുഖ്യമന്ത്രിയുടെയും മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
ഇതിനു ബദലായിത്തന്നെ പദ്ധതിയുടെ ദോഷവശങ്ങൾ ചൂണ്ടിക്കാട്ടുന്ന ലഘുലേഖയുമായി വീടുകൾ തോറും കയറിയിറങ്ങുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
പദ്ധതി മൂലം ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരെയും ഉപജീവനമാർഗം ഇല്ലാതാകുന്നവരെയും സമരമുഖത്തേക്കു കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു നീക്കം.
പദ്ധതി നടപ്പിലാക്കുന്നതിനായി കൂടുതൽ നഷ്ടപരിഹാരം നൽകി പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ ശ്രമിച്ചേക്കുമെന്നതിനാൽ അതിനെ മറികടക്കാനുള്ള നീക്കങ്ങളും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
കോണ്ഗ്രസ് നേതാക്കള് ‘പഠിക്കും’
കോഴിക്കോട്: കെ-റെയില് പദ്ധതിയില് ഉയര്ന്ന വിവാദങ്ങളും ചോദ്യങ്ങളും ശമിപ്പിക്കാന് മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങാന് തീരുമാനിച്ചതോടെ മറുതന്ത്രം തേടി കോണ്ഗ്രസ്.
ഇന്ന് വെല്ഫയര് പാര്ട്ടി കെ-റെയിലിനെതിരേ കോഴിക്കോട്ട് പ്രക്ഷോഭയാത്ര നയിക്കുന്ന പശ്ചാത്തലത്തിലാണ് സമരം പൂര്ണമായും ഏറ്റെടുക്കാന് ഡിസിസി നേതൃത്വത്തിന് നിര്ദേശം നല്കിയിരിക്കുന്നത്. അതത് ജില്ലകളിലെ സാഹചര്യം മനസിലാക്കി കെ-റെയില് ഇരകളെ കണ്ടെത്തി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.
14 ജില്ലകളിലേയും സാമൂഹിക, സാംസ്കാരിക, വ്യാവസായിക രംഗത്തുള്ളവരുമായി മുഖ്യമന്ത്രി സംവദിക്കുന്ന സാഹചര്യത്തില് പദ്ധതിയിലെ പാളിച്ചകള് ചൂണ്ടിക്കാട്ടാനുള്ള തീരുമാനമാണ് കെപിസിസി നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രിക്കൊപ്പം സിപിഎമ്മും പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. സിപിഎം സംഘടനാസംവിധാനം പൂര്ണമായും ഇതിലേക്കു തിരിയുമ്പോള് അതിനെ പ്രതിരോധിക്കുകയാണ് കോണ്ഗ്രസ് ലക്ഷ്യം. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളത്തില് സില്വര്ലൈന് പദ്ധതിക്കെതിരേ വിമര്ശനം ഉയര്ന്ന പശ്ചാത്തലത്തില് ഇതുകൂടി പ്രചാരണവിഷയമാക്കും.
ജനങ്ങള്ക്കിടയിലുള്ള ആശങ്ക പരിഹരിക്കാന് സിപിഎം പാര്ട്ടി ഘടകങ്ങള് താഴേത്തട്ടില് വിശദീകരണ യോഗങ്ങള് ചേരാന് തീരുമാനിച്ചിട്ടുണ്ട്.അതിന് മുന്പുതന്നെ ഈ വിഷയത്തില് കോണ്ഗ്രസ് നിലപാട് ജനങ്ങളില് എത്തിക്കുക എന്ന ലക്ഷ്യമാണ് കോണ്ഗ്രസിനുള്ളത്.
സില്വര് ലൈന് പദ്ധതിയെക്കുറിച്ച് പൂര്ണമായും പഠിച്ച് കാര്യങ്ങള് പറയാന് നേതാക്കളെ ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
നിര്ജീവമായിക്കിടന്ന സംഘടനസംവിധാനത്തെ ഉണര്ത്താനുള്ള മരുന്നായാണ് കെ-റെയിലിനെ നേതൃത്വം കാണുന്നത്.
നരേന്ദ്ര മോദിയുടെ മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന് പദ്ധതിക്കെതിരേ പ്രമേയം പാസാക്കിയ സിപിഎം, മുഖ്യമന്ത്രി പിണറായി വിജയനെതിരേയും പ്രമേയം പാസാക്കണമെന്ന് കോണ്ഗ്രസിന്റെ ദേശീയ നേതാക്കള് ഉള്പ്പെടെ ആവശ്യപ്പെട്ടുകഴിഞ്ഞു.