കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞ ജമ്മു കശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി.
ഇതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞു.
നിങ്ങളുടെ സംസ്ഥാനപദവിയേക്കാള്‍ വലുതല്ല മറ്റൊരു വിഷയവും എന്നും കേന്ദ്രം എടുത്തു കളഞ്ഞ നിങ്ങളുടെ അധികാരവും സംസ്ഥാന പദവിയും വീണ്ടെുക്കുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കശ്മീരിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറിലാണ് യാത്ര ആരംഭിച്ചത്. ജനുവരി 30ന് യാത്ര കശ്മീരില്‍ അവസാനിക്കും.
ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ജനുവരി 30-ന് പത്തിന് ശ്രീനഗറിലെ പി.സി.സി. ഓഫീസ് അങ്കണത്തില്‍ ദേശീയപതാക ഉയര്‍ത്തും.
ഈ സമയം രാജ്യമെങ്ങും പതാക ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് നിര്‍ദേശം നല്കിയിട്ടുണ്. പി.സി.സി.കള്‍, ഡി.സി.സി.കള്‍, ബ്ലോക്ക് കമ്മിറ്റികള്‍ എന്നിവ മഹാത്മാഗാന്ധിയുടെ ഫോട്ടോവെച്ച് പാര്‍ട്ടിഓഫീസുകളിലോ പ്രധാനപ്പെട്ട സ്ഥലങ്ങളിലോ പതാക ഉയര്‍ത്തണമെന്നാണ് നിര്‍ദേശം.
പ്രവര്‍ത്തകരെയും പിന്തുണക്കാരെയും പങ്കെടുപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഘടകങ്ങള്‍ക്ക് നല്കിയ അറിയിപ്പില്‍ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.