കണ്ണൂര്‍: ഡി.സി.സി ജനറല്‍ സെക്രട്ടറിയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രംഗത്ത്. തന്റെ കുടുംബം തകര്‍ത്തതുള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ഡി.സി.സി ജനറല്‍ സെക്രട്ടറിയ്‌ക്കെതിരേ പ്രവര്‍ത്തകന്‍ കെപിസിസിയ്ക്കു മുമ്പാകെ സമര്‍പ്പിച്ച പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പരാതി വായിച്ച നേതാക്കള്‍ ഞെട്ടിത്തരിച്ചെങ്കിലും ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരെ തയാറായിട്ടില്ല.
ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. സി മുഹമ്മദ് ഫൈസലിനെതിരേ വിനോദന്‍ എന്ന പ്രവര്‍ത്തകനാണ് കെപിസിസിയ്ക്കു മുമ്പില്‍ പരാതി നല്‍കിയത്. സമാധാനപരമായ ജീവിതം നയിച്ചിരുന്ന തന്റെ കുടുംബത്തെ തകര്‍ത്തെറിഞ്ഞത് ഫൈസലാണെന്നാണ് വിനോദന്‍ ആരോപിക്കുന്നത്.പ്ലസ്ടുവിന് പഠിക്കുന്ന മകനും പത്താം ക്ലാസുകാരിയായ മകളും ഭാര്യയുമടങ്ങുന്നതായിരുന്നു വിനോദന്റെ കുടുംബം. ഇതിനിടെയാണ് ഫൈസല്‍ വിനോദന്റെ ജീവിതത്തില്‍ വില്ലനായി അവതരിച്ചത്.
തന്റെ ഭാര്യയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച ഫൈസല്‍ അവരുമായി ചങ്ങാത്തത്തിലാകുകയും താനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്നാണ് വിനോദന്റെ ആരോപണം. ഫൈസല്‍ തന്റെ ഭാര്യയെ വെള്ളച്ചാലിലുള്ള ബന്ധുവിന്റെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് നിരവധി തവണ ലൈംഗികമായി ഉപയോഗിച്ചെന്നും വിനോദന്‍ പറയുന്നു.ഇതിനിടെ തലശേരിയിലുള്ള അഭിഭാഷകന്‍ മുഖേന ഭാര്യയെക്കൊണ്ട് വിവാഹമോചന ഹര്‍ജി കൊടുക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പരാതി നല്‍കിയെങ്കിലും 45 ദിവസമായിട്ടും നടപടിയുണ്ടാകാത്തത് പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ തന്നെ വിഷമിപ്പിച്ചെന്നും വിനോദന്‍ പറയുന്നു.
വിനോദന്‍ പരാതിയുമായി ശക്തമായി മുമ്പോട്ടു പോകുമെന്നു കണ്ട ഫൈസല്‍ പ്രാദേശിക നേതാക്കളായ പടന്നക്കണ്ടി ജനാര്‍ദ്ദനന്‍, ഷമേജ്, ടി.കെ പവിത്രന്‍, പ്രശാന്തന്‍, അഡ്വ. ഇ.ആര്‍ വിനോദ് എന്നിവരെ ഇടപെടുത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഫൈസലിന് അനുകൂലമായി ഈ നേതാക്കള്‍ നിലപാടെടുത്തതോടെ അനുരഞ്ജനശ്രമം പൊളിയുകയായിരുന്നു. തുടര്‍ന്ന് ഫൈസല്‍ നേരിട്ടെത്തി തന്നെ നാറ്റിക്കരുതെന്ന് ആവശ്യപ്പെടുകയും അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്‌തെന്ന് വിനോദന്‍ പറയുന്നു.
പെണ്‍വിഷയത്തില്‍ മുമ്പും ഫൈസലിനെതിരേ ആരോപണങ്ങളുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ ഭാര്യയ്‌ക്കൊപ്പം കഴിയുന്ന തന്റെ മകളെ ഇയാള്‍ ഉപദ്രവിക്കുമോയെന്ന ഭയത്തിലാണ് താനെന്നും വിനോദന്‍ പറയുന്നു.അടുത്തിടെ വനിതകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മഹിളാ കോണ്‍ഗ്രസിന്റെ ചുമതലയില്‍നിന്ന് ഫൈസലിനെ ഒഴിവാക്കിയിരിക്കുകയാണെന്നും വിനോദന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇയാള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് വിനോദന്റെ ആവശ്യം.