ആവേശപ്രകടനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുകാരും ആര്‍ക്കും പിന്നിലല്ല. അങ്ങനെ ആവേശക്കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് പ്രിയങ്കാ ഗാന്ധിയുടെ പേരു പറഞ്ഞ് മുദ്രാവാക്യം വിളിച്ചത്. ഉദ്ദേശിച്ചത് പ്രിയങ്ക ഗാന്ധിയെയായിരുന്നെങ്കിലും മുദ്രാവാക്യം മുഴങ്ങിയത് ‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ എന്നായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വച്ച് ട്രോളിന്റെ പെരുമഴയായിരുന്നു.രാജ്യതലസ്ഥാനത്താണ് സംഭവം. ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വീഡിയോ പുറത്തുവിട്ടത്.
അണികളെ ആവേശം കൊള്ളിക്കാനാണ് കോണ്‍ഗ്രസ് നേതാവ് മുദ്രാവാക്യം വിളിച്ചത്. സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്’ അങ്ങനെ മുദ്രാവാക്യം വിളിച്ച് അണികളെ വാനോളം ആവേശത്തിലാക്കിയ ഇയാള്‍ പരിപാടി കൊഴിപ്പിച്ചു. അതോടെ സ്റ്റേജില്‍ ഉണ്ടായിരുന്ന പ്രമുഖ നേതാവ് സുരേന്ദ്ര കുമാര്‍ അടക്കം വലിയ ആവേശത്തിലായി. പാര്‍ട്ടി അധ്യക്ഷയ്ക്കും മുന്‍ അധ്യക്ഷനും വേണ്ടി മുദ്രാവാക്യം വിളിച്ച്, വിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് പകരം നടി പ്രിയങ്കാ ചോപ്രാ എന്ന് നേതാവ് മുദ്രാവാക്യം വിളിച്ചു.
അതോടെ സുരേന്ദ്ര കുമാര്‍ ഞെട്ടിത്തിരിഞ്ഞ് മുദ്രാവാക്യം വിളിക്കുന്ന നേതാവിനെ നോക്കുന്നത് വീഡിയോയില്‍ കാണാം. യോഗത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരൊന്നും ഇതൊന്നും ശ്രദ്ധിക്കാതെ പ്രിയങ്കാ ചോപ്രാ സിന്ദാബാദ് എന്ന് ആവേശത്തോടെ വിളിക്കുന്നത് വീഡിയോയില്‍ കാണാം. ഡല്‍ഹി പി.സി.സി പ്രസിഡന്റ് സുഭാഷ് ചോപ്ര വേദിയിലുണ്ടായിരുന്നു. അതുകൊണ്ടാണോ പ്രിയങ്കയ്ക്കൊപ്പം ചോപ്രയും ചേര്‍ത്തതെന്ന് ട്രോളന്മാര് സംശയിക്കുന്നു.
രാഹുല്‍ ഗാന്ധി സിന്ദാബാദിന് പകരം രാഹുല്‍ ബജാജ് സിന്ദാബാദ് എന്ന് വിളിക്കാനും മടിയില്ലാത്തവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും ട്രോള്‍ ഇറങ്ങിയിട്ടുണ്ട്. ട്രോളുകള്‍ വൈറലായതോടെ, വിവാഹം കഴിഞ്ഞ് വീട്ടില്‍ അടങ്ങിയിരിക്കുന്ന പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി. നാവ് പിഴ പറ്റിപ്പോയി, അത് ഇത്രവലിയ സംഭവമായി മാറുമെന്ന് മുദ്രാവാക്യം വിളിച്ച നേതാവോ, വേദിയിലിരുന്നവരോ വിശ്വസിച്ചില്ല. പ്രിയങ്കാ ഗാന്ധിയേക്കാള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് സുപരിചിതമാണ് പ്രിയങ്കാ ചോപ്ര. സിനിമാ താരങ്ങള്‍ കോണ്‍ഗ്രസ് ചേരുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. അങ്ങനെയാകാം പ്രിയങ്കാ ചോപ്രയ്ക്ക് മുദ്രാവാക്യം വിളിച്ചതെന്ന് തെറ്റിദ്ധരിച്ചവരുമുണ്ട്. സംഭവമറിഞ്ഞ് പ്രിയങ്കാ ഗാന്ധി ഏറെ ചിരിച്ചെന്നാണ് ചില നേതാക്കള്‍ പറയുന്നത്.
പ്രിയങ്കാ ഗാന്ധിക്ക് ഇന്ദിരാ ഗാന്ധിയുടെ നല്ല ഛായയുള്ളതിനാല്‍ അവരുടെ ചെറുമകള്‍ എന്ന നിലയ്ക്കാണ് വടക്കേഇന്ത്യയില്‍ അവര്‍ അറിയപ്പെടുന്നത്. പ്രിയങ്കയുടെ ജനപിന്തുണ വര്‍ദ്ധിച്ചുവരുന്നതില്‍ ബി.ജെ.പിക്ക് അടക്കം ആശങ്കയുണ്ടെന്നും ഒരു നേതാവിന് സംഭവിച്ച നാവ് പിഴ സോഷ്യല്‍മീഡിയയില്‍ വൈറലാക്കിയതിന് പിന്നില്‍ രാഷ്ട്രീയശത്രുക്കളുടെ തന്ത്രപരമായ നീക്കമാണെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ സംശയിക്കുന്നു. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.