സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ഇന്ന് ചേരും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യോഗം. വോട്ടെണ്ണലിനു മുന്‍പ് തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് യോഗം. കെപിസിസി ഭാരവാഹികള്‍ , ഡിസിസി അധ്യക്ഷന്മാർ, സ്ഥാനാര്‍ഥികൾ തുടങ്ങിയവർ നേതൃയോഗത്തിൽ പങ്കെടുക്കും.
കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലങ്ങളിലെ ജയ പരാജയ സാധ്യതകള്‍ യോഗം വിലയിരുത്തും. മത്സരിച്ച സീറ്റുകളില്‍ പാലക്കാട് ഒഴികെ മറ്റെല്ലാ സീറ്റുകളിലും വിജയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന പരാതികളും യോഗം പരിശോധിക്കും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ പ്രചാരണ രംഗത്ത് പലരും സജീവമായിരുന്നില്ലെന്ന പരാതി തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നിരുന്നു. പാലക്കാട് സ്ഥാനാര്‍ഥിക്കെതിരേയും പരാതി ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് മോഷണം പോയെന്ന കാസർഗോഡ് മണ്ഡലത്തിലെ സ്ഥാനാർഥിയായ രാജ്മോഹൻ ഉണ്ണിത്താന്റെ പ്രസ്താവന യോഗത്തിൽ ചർച്ചയാകും. കള്ളവോട്ട്, പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടുകള്‍ എന്നിവയും ചർച്ചയ്ക്കെടുക്കും.
വോട്ടര്‍ പട്ടികയില്‍ നിന്ന് യുഡിഎഫ് വോട്ടുകള്‍ വ്യപകമായി നീക്കം ചെയ്തെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വോട്ട് ചെയ്യാനാകാത്തവരെ കണ്ടെത്തി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനുള്ള നിര്‍ദേശങ്ങളും യോഗത്തിലുണ്ടാകും. വോട്ടെണ്ണലിന് ശേഷം കെ.പി.സി.സി പുനഃസംഘടനയുണ്ടാകും. ജംബോ കമ്മിറ്റികളെ ഒഴിവാക്കിയും ഗ്രൂപ്പ് വീതം വയ്പ്പും ഒഴിവാക്കിയുള്ള പുനഃസംഘടന വേണമെന്ന അഭിപ്രായം ഉയരും.