കണ്ണൂർ: കണ്ണൂരിൽ ഡിസിസി ഓഫീസിനുനേരേയുണ്ടായ ആക്രമണം പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറക്കുന്നു. ഡിസിസി ഓഫീസ് ആക്രമിച്ചതിനുപിന്നിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം മുൻ പ്രസിഡന്റ് റിജിൽ മാക്കുറ്റിയും സംഘവുമാണെന്ന ആരോപണമാണ് പുതിയ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. കണ്ണൂർ നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ് പ്രവർത്തകനുമായ എം.പ്രശാന്ത് ബാബുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിവൈഎസ്പിക്കു പരാതി നല്കിയത്.
നേരത്തേ കെ.സുധാകരന്റെ അടുത്ത അനുയായിയായിരുന്ന പ്രശാന്ത് ബാബു അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് കോൺഗ്രസിൽനിന്ന് അകലുകയായിരുന്നു. കോൺഗ്രസിൽ നിന്ന് ഒരു വർഷത്തോളം സസ്പെൻഡ് ചെയ്തിരുന്ന പ്രശാന്ത് ബാബു ഏറെക്കാലമായി പൊതുരംഗത്തും സജീവമായിരുന്നില്ല. ഇദ്ദേഹത്തിന്റെ പരാതിയാണ് കോൺഗ്രസിനുള്ളിലും പുറത്തും പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയിരിക്കുന്നത്.
ഡിസിസി ഓഫീസിനു നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. സമീപത്തെ കടകളിൽ സ്ഥാപിച്ചിരിക്കുന്ന മൂന്നു നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. എം.പ്രശാന്ത് ബാബുവിന്റെ പരാതിയിലും അന്വേഷണം നടത്തുമെന്നാണ് പോലീസ് വൃത്തങ്ങൾ നല്കുന്ന സൂചന.
അതേസമയം, റിജിൽ മാക്കുറ്റിക്ക് ഡിസിസി ഓഫീസ് ആക്രമണത്തിൽ പങ്കുണ്ടെന്ന പ്രചാരണം വന്നതോടെ കോൺഗ്രസ് നേതാക്കൾക്കിടയിലും ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. ആക്രമണത്തിനു പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ഡിസിസി ഓഫീസ് സന്ദർശിച്ചിരുന്നു. ഇതിനുമുന്പും ഡിസിസി ഓഫീസിനു നേരെ നിരവധി തവണ ആക്രമണമുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സിപിഎം ജില്ലാ സെക്രട്ടറിമാർ ഡിസിസി ഓഫീസിൽ എത്തിയിരുന്നില്ല.
കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാരിന്റെ നിർദേശത്തിനെതിരേ കണ്ണൂർ സിറ്റിയിൽ പരസ്യമായി കന്നുകുട്ടിയെ കശാപ്പ് ചെയ്തു പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തെത്തുടർന്ന് റിജിൽ മാക്കുറ്റിയെ യൂത്ത് കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടയിലാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. അതേസമയം ആരോപണം മുഖവിലയ്ക്കെടുക്കുന്നില്ലെന്നും സിപിഎമ്മിന്റെ ഏജന്റായ പ്രശാന്ത് ബാബുവിൽനിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. യഥാർഥ പ്രതികളെ സംരക്ഷിക്കാനുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തേയും നേരിടാൻ തയാറാണെന്നും റിജിൽ വ്യക്തമാക്കി.