നിയാസ് മുസ്തഫ
വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിന്റെ തന്ത്രം സമാജ്വാദി പാർട്ടിക്ക് എതിരാവില്ല.
സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷ കക്ഷികളായ സമാജ് വാദി പാർട്ടിയും ബിഎസ്പിയും കോൺഗ്രസും ഇത്തവണ വേറിട്ട് മത്സരിക്കുന്പോൾ ബിജെപി വിരുദ്ധ വോട്ടുകൾ ചിതറുമെന്നും ഇതോടെ തുടർഭരണം തങ്ങൾക്ക് ലഭിക്കുമെന്നുമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
എന്നാൽ വേറിട്ട് മത്സരിച്ചാലും പ്രതിപക്ഷ വോട്ടുകൾ ചിതറാത്ത വിധം കാര്യങ്ങൾ ക്രമീകരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.
ബിജെപിയോ സമാജ് വാദി പാർട്ടിയോ സംസ്ഥാനത്ത് അധികാരത്തിലെത്താനാണ് സാധ്യത കൂടുതലെന്ന് സർവേകൾ പറയുന്നു.
ഇതിൽ തന്നെ ബിജെപിക്ക് തുടർഭരണം കിട്ടാനാണ് കൂടുതൽ സാധ്യത. കർഷക സമരം ഉൾപ്പെടെയുള്ള വിഷയങ്ങൾ എങ്ങനെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക ബിജെപി നേതൃത്വത്തിനുമുണ്ട്.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ തവണ ബിജെപിയെ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്താൻ സഹായിച്ച സ്ത്രീ വോട്ടർമാരെ കേന്ദ്രീകരിച്ച് കോൺഗ്രസ് പരിശ്രമം തുടങ്ങിയത്.
കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച സ്ത്രീ വോട്ടുകളിൽ ഇത്തവണ കാര്യമായ വിള്ളലുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
അധികാരത്തിലെത്താനുള്ള സാഹചര്യം സംസ്ഥാനത്ത് കോൺഗ്രസിനില്ലെങ്കിലും ബിജെപിയുടെ പതനത്തിന് ആവശ്യമായത് ചെയ്യുകയെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നീങ്ങുന്നത്.
പ്രകടന പത്രികയിൽ പ്രതീക്ഷ
കഴിഞ്ഞ ദിവസം ലക്നൗവിൽ സ്ത്രീകൾക്കായി പ്രത്യേക പ്രകടന പത്രിക തന്നെ കോണ്ഗ്രസ് പുറത്തിറക്കിയിരുന്നു.
യുപിയിലെ 403 നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ വനിതകളെ സ്ഥാനാർഥികളാക്കാൻ നേരത്തേ തന്നെ കോണ്ഗ്രസ് തീരുമാനിച്ചിരുന്നു.
മറ്റു പാർട്ടികൾ വിവിധ ജാതി വോട്ട് ബാങ്കുകളിൽ ശ്രദ്ധ ഉൗന്നുന്പോൾ ബിജെപിയുടെ വോട്ട് ബാങ്കായ ബ്രാഹ്മണ വോട്ടുകളിലാണ് കോണ്ഗ്രസ് ശ്രദ്ധ വയ്ക്കുന്നത്.
അതേസമയം, ബിജെപിയുടെ വോട്ട് ബാങ്കിൽ വിള്ളൽ ഉണ്ടാക്കുന്നതോടൊപ്പം മുഖ്യ പ്രതിപക്ഷമായ സമാജ് വാദി പാർട്ടിയുടെ വോട്ട് ബാങ്കിൽ വിള്ളൽ വരുത്താൻ കോണ്ഗ്രസ് ശ്രമിക്കില്ല. ഇത് സമാജ്വാദി പാർട്ടിക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.
സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്കു മത്സരിക്കാനാണ് കോണ്ഗ്രസ് നീക്കം. ബിഎസ്പിക്ക് സംസ്ഥാനത്ത് ശക്തി ക്ഷയിച്ച അവസ്ഥയിൽ ബിഎസ്പിയെ എന്നും തുണച്ചുപോകുന്ന ദളിത് വോട്ടുകളിൽ ഇത്തവണ സമാജ്വാദി പാർട്ടി വലിയ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്.
സ്ത്രീകളെ സന്തോഷിപ്പിക്കാൻ
അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം, പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പെണ്കുട്ടികൾക്ക് സ്മാർട്ട് ഫോണ്, ബിരുദാനന്തര ബിരുദം നേടുന്നവർക്ക് സ്കൂട്ടി, സ്ത്രീകൾക്ക് പൊതുഗതാഗതം സൗജന്യം തുടങ്ങി സ്ത്രീ വോട്ടർമാരെ ആകർഷിക്കാനുള്ള നിരവധി വാഗ്ദാനങ്ങൾ കോണ്ഗ്രസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.
യുപിയിൽ ഞങ്ങളുടെ പ്രചാരണം നയിക്കുന്നത് പ്രിയങ്ക ജിയാണ്, സ്ത്രീകളെ കേന്ദ്രീകരിക്കാനുള്ള തന്ത്രം ദീർഘവീക്ഷണമുള്ളതാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ അധികാരത്തിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല.
എങ്കിലും ഞങ്ങളുടെ വോട്ട് വിഹിതം വർധിക്കുമെന്നും സംസ്ഥാനത്തെ സ്ത്രീകൾ പ്രിയങ്ക ജിയെ അവരുടെ നേതാവായി ഉയർത്തിക്കാട്ടുമെന്നും ഞങ്ങൾ കരുതുന്നു- പ്രമുഖ കോണ്ഗ്രസ് നേതാവ് വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം വനിതാ സ്ഥാനാർഥികളാവാൻ ആഗ്രഹം പ്രകടിപ്പിച്ച് കോണ്ഗ്രസ് നേതൃത്വത്തിന് മൂവായിരം അപേക്ഷകൾ നിലവിൽ ലഭിച്ചതായി യുപി കോണ്ഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു പറഞ്ഞു.
2017ലെ തെരഞ്ഞെടുപ്പിൽ യുപിയിലെ വോട്ടർമാരിൽ 45 ശതമാനവും സ്ത്രീകളായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ച 4,370 സ്ഥാനാർഥികളിൽ 482 പേർ വനിതാ സ്ഥാനാർഥികളായിരുന്നു. ഇതിൽ 42 പേർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.