പത്തനംതിട്ട: ഭരണത്തിലുണ്ടായിരുന്ന കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് കൂടി നഷ്ടപ്പെട്ടത് ജില്ലയില്‍ യുഡിഎഫിന് കനത്ത ആഘാതമായി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫിനു ലഭിച്ച രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ഇതോടെ അവിശ്വാസത്തിലൂടെ നഷ്ടപ്പെട്ടു.
ആറുമാസം മുമ്പ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമായത് കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങളായിരുന്നെങ്കില്‍ ഇന്നലെ കോയിപ്രത്തും സമാന വിഷയങ്ങളാണ് കാരണമായത്.
ഡിസിസി മെംബര്‍ കൂടിയായ ഉണ്ണി പ്ലാച്ചേരി കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നാണ് കോയിപ്രത്ത് അവിശ്വാസം പാസാക്കിയത്.
13 അംഗ കമ്മിറ്റിയില്‍ യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും അംഗങ്ങളായിരുന്നു. കോന്നിയില്‍ നേരത്തെയും കോണ്‍ഗ്രസിലെ ജിജി സജിയാണ് കൂറുമാറിയത്.
കൂറുമാറ്റം, പിടിവാശി!
കോയിപ്രത്ത് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തിന് ഉണ്ണി പ്ലാച്ചേരി ഉന്നയിച്ച അവകാശവാദം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഇടപെട്ട് തടഞ്ഞതാണ് അദ്ദേഹത്തിന്റെ കൂറുമാറ്റത്തിനു കാരണമായി പറയുന്നത്.
ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെതന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ഉണ്ണി പ്ലാച്ചേരിയുടെ കൂറുമാറ്റം. മുമ്പ് കോന്നിയിലും മറ്റൊരു നേതാവിന്റെ പിടിവാശിയാണ് കൂറുമാറ്റത്തിനു കാരണമായത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് എല്‍ഡിഎഫ് പരമാവധി മുതലെടുക്കുമ്പോള്‍ ജില്ലയില്‍ യുഡിഎഫിനു കാലിടറുകയാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭയിലേക്കും വന്‍തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. ഇതിനു പിന്നാലെയാണ് ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങള്‍ നഷ്ടമാകുന്നത്.
യുഡിഎഫില്‍ നിന്നുണ്ടാകുന്ന കൂറുമാറ്റത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയിട്ടുള്ള പരാതികളിലും മെല്ലപ്പോക്കാണ്.
ഇക്കാരണം കൊണ്ടുതന്നെ പല തദ്ദേശസ്ഥാപനങ്ങളിലും കൂറുമാറ്റത്തിനു സാധ്യത ഏറുകയുമാണ്. കരാര്‍ അടിസ്ഥാനത്തില്‍ സ്ഥാനമാറ്റത്തിനുള്ള ഒരുക്കങ്ങളും ചില തദ്ദേശസ്ഥാപനങ്ങളിലുണ്ട്.
ഇത്തരത്തില്‍ സ്ഥാനം ഒഴിയുമ്പോള്‍ തിരികെ ഭരണത്തിലെത്താമെന്ന ഉറപ്പു പോലും പലയിടത്തും യുഡിഎഫിനില്ല.
തദ്ദേശസ്ഥാപനങ്ങളിലെ ഭരണനഷ്ടത്തേതുടര്ന്ന് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷമായ അഭിപ്രായങ്ങളാണ് ഉയരുന്നത്.
ഗ്രൂപ്പിസം സര്‍വനാശത്തിനെന്ന് യുഡിഎഫ് ചെയര്മാന്
കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും ഘടകകക്ഷികളെ ഒക്കലും ജില്ലയില്‍ യുഡിഎഫിന്റെ അടിത്തറ തകര്‍ത്തു കൊണ്ടിരിക്കയാണെന്ന് ജില്ലാ ചെയര്മാന് വിക്ടര്‍ ടി. തോമസ്.
ജില്ലയില്‍ യുഡിഎഫ് സംവിധാനത്തില്‍ നിരവധി പാളിച്ചകളുണ്ട്. ഘടകകക്ഷികളെ ഇല്ലായ്മ ചെയ്യുന്നതിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്പര്യം. ഘടകകക്ഷികളെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നില്ല.
കോണ്‍ഗ്രസ് നേതൃത്വത്തോട് പല തവണ പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ്. കണ്‍വീനര്‍ എം. എം. ഹസന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെയുള്ള നേതാക്കളോടും ജില്ലയിലെ വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതാണ്.
കൂടിയാലോചനയില്ലാതെ
നേതൃത്വത്തിന്റെ വീഴ്ച തന്നെയാണ് ജില്ലയില്‍ കോയിപ്രം ഉള്പ്പൊടെയുള്ള ബ്ലോക്ക് പഞ്ചായത്തുകളും സഹകരണ ബാങ്കുകളുടെ ഭരണവും നഷ്ടപ്പെടാന്‍ ഇടയായത്.
കൂട്ടായ ഒരു ആലോചനയും യുഡിഎഫില്‍ നടക്കുന്നില്ല.ആരോക്കെയോ ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നു. ആരോടും ആലോചിക്കാതെ ചിലര്‍ ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ ഈ സംവിധാനത്തെ നശിപ്പിക്കും.
കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ ഭരണം നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നു. തലേന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം അവിശ്വാസ വിവരം അറിയിക്കുന്നത്.
ഉടനെ കേരള കോണ്‍ഗ്രസ് അംഗത്തിന് വിപ്പ് കൊടുത്തു’ കൂട്ടായ തീരുമാനങ്ങളെടുക്കുന്നതില്‍ വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്.
റിബലുകളെ സംരക്ഷിക്കുന്പോൾ
റിബലുകളെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസ് നിര്‍ത്തിയാലെ യുഡിഎഫ് രക്ഷപ്പെടുകയുളളൂ. പീലിപ്പോസ് തോമസ് കോണ്‍ഗ്രസ് വിട്ടു പോയത് നഷ്ടം തന്നെയഹണന്നും വിക്ടര്‍ പറഞ്ഞു.
മികച്ച സംഘാടകനായിരുന്നു പീലിപ്പോസ് തോമസ്. അദ്ദേഹം യുഡിഎഫ് കണ്‍വീനറായിരിക്കുമ്പോള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നേതൃത്വം വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അതേ പോലെ കൂട്ടായ പ്രവര്‍ത്തനം ഉണ്ടെങ്കില്‍ മാത്രമേ യുഡിഎഫിന് ഒരു തിരിച്ച് വരവിന് സാധിക്കുകയുള്ളൂവെന്ന് വിക്ടര്‍ ടി. തോമസ് അഭിപ്രായപ്പെട്ടു.