പയ്യന്നൂര്‍: കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിക്ക് ലഭിക്കേണ്ട ഒരുകോടിയോളം രൂപ വ്യാജരേഖ ചമച്ച് മണ്ഡലം കമ്മിറ്റി നേതാക്കള്‍ കൈക്കലാക്കിയെന്ന് പരാതി.
കുഞ്ഞിമംഗലത്തെ ഒന്നാം വാര്‍ഡ് ബൂത്ത് കമ്മിറ്റിക്ക് ലഭിക്കേണ്ട തുകയാണ് അവരറിയാതെ നേതാക്കള്‍ കൈക്കലാക്കിയതായി ആക്ഷേപമുയരുന്നത്.
കുഞ്ഞിമംഗലം ഒന്നാം വാര്‍ഡ് ബൂത്തുകമ്മിറ്റിയുടെ പേരിലുള്ള സ്ഥലം ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്തപ്പോള്‍ രണ്ടു ഘട്ടങ്ങളിലായി ലഭിച്ച നഷ്ടപരിഹാരത്തുകയാണ് നേതാക്കള്‍ കൈവശപ്പെടുത്തിയത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എടനാട് വാര്‍ഡ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്നും ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരമായി 5,72,707 രൂപ വാര്‍ഡ് കമ്മിറ്റി സെക്രട്ടറി/പ്രസിഡന്റ് എന്നിവരായ രണ്ടുപേരുടെ കണ്ണൂര്‍ ജില്ലാ ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെ അക്കൗണ്ടിലേക്ക് അയച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി 27ന് 87,52,045 രൂപയും കൈപ്പറ്റിയതായും വിവരാവകാശ രേഖയില്‍ പറയുന്നു.
മൂന്നാം വാര്‍ഡില്‍ താമസക്കാരനായ മണ്ഡലം പ്രസിഡന്റ് ഒന്നാം വാര്‍ഡ് ബൂത്ത് പ്രസിഡന്റായും മണ്ഡലം വൈസ് പ്രസിഡന്റ് ബൂത്ത് സെക്രട്ടറിയായും വ്യാജരേഖയുണ്ടാക്കിയാണ് ഈ പണം കൈപ്പറ്റിയതെന്നാണ് ആക്ഷേപമുയരുന്നത്.
മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന മണ്ഡലം പ്രസിഡന്റായ ആള്‍ക്ക് എങ്ങനെയാണ് ഒന്നാം വാര്‍ഡ് ബൂത്തിന്റെ ഭാരവാഹിയാകാന്‍ കഴിയുകയെന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
മാത്രമല്ല വിമത ശബ്ദമുയര്‍ത്തുന്നവരെ യോഗത്തില്‍ പങ്കെടുപ്പിക്കാതെ അകറ്റി നിര്‍ത്തുന്നതായും പരാതികളുണ്ട്.
ജില്ലാ ബാങ്കില്‍ ഇവരുണ്ടാക്കിയ അക്കൗണ്ടിലേക്കെത്തിയ തുക പിന്നീട് മണ്ഡലം പ്രസിഡന്റ് നേതൃത്വം നല്കുന്ന സൊസൈറ്റിയുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റിയതായും ഈ പണം എഫ്ഡിയായി നിക്ഷേപിച്ചിരുന്നെങ്കില്‍ ഇക്കാലയളവില്‍ പത്തുലക്ഷത്തോളം രൂപ പലിശയിനത്തില്‍ ലഭിക്കുമായിരുന്നുവെന്നും പ്രവര്‍ത്തകരില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
നഷ്ടപരിഹാരമായി ആകെ ലഭിച്ച 93,24,752 രൂപയും പലിശയിനത്തില്‍ ലഭിക്കുമായിരുന്ന തുകയും ചേര്‍ത്ത് ഒരുകോടിയിലേറെ രൂപയുടെ വെട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്നും 2021 ജനുവരിയില്‍ത്തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഡിസിസിക്ക് പരാതി നല്‍കിയതായും പ്രവര്‍ത്തകരില്‍ ചിലര്‍ പറയുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വം നടപടികളൊന്നുമെടുത്തില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. ഇതേതുടര്‍ന്ന് നിയമ നടിപടിക്കൊരുങ്ങുകയാണ് ചില പ്രവര്‍ത്തകര്‍.