സ്വന്തംലേഖകന്‍
കോഴിക്കോട്: എലത്തൂര്‍ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല.
എന്‍സികെയുടെ സുല്‍ഫിക്കര്‍ മയൂരി തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് സംസ്ഥാന കണ്‍വീനര്‍ എം.എം. ഹസന് നിലപാട് വ്യക്തമാക്കിയതോടെ പാര്‍ട്ടിക്കകത്ത് കലാപമുയര്‍ത്തിയ എം.കെ.രാഘവന് എംപി ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയോടെ പത്രിക സമർപ്പിച്ച കെപിസിസി നിര്‍വാഹക സമിതി അംഗം യു.വി.ദിനേശ് മണിയും യുഡിഎഫ് തങ്ങൾക്കാണ് സീറ്റ് അനുവദിച്ചെന്ന വാദത്തോടെ പത്രിക സമർപ്പിച്ച ഭാരതീയ നാഷണല്‍ ജനതാദളിന്റെ സെനിന് റാഷിയും പത്രിക പിന്‍വലിക്കാനും അപേക്ഷ നൽകി.
അതേസമയം മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുഡിഎഫ് തീരുമാനത്തെ അംഗീകരിച്ചിട്ടില്ല. പലരും രാജിക്കത്തുമായി ഡിസിസി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
ഇവരുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും അനുനയ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക നല്കിയ യു.വി.ദിനേശ് മണിയുള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ കോണ്‍ഗ്രസിന് ക്ഷീണം വരുത്തും വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും പൂര്‍ണമായും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ചില പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച തന്നെ കെപിസിസി നിര്‍വാഹക സമിതി അംഗം യു.വി.ദിനേശ്മണിയുള്പ്പെടെയുള്ളവര് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു.
എലത്തൂരില്‍ ഒരു അംഗം പോലുമില്ലാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മത്സരിക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റിന് 17 പേരായിരുന്നു രാജി അറിയിച്ചുകൊണ്ട് കത്തയച്ചത്.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, വിവിധ ബ്ളോക്ക്, മണ്ഡലം ഭാരവാഹികളായ ഉണ്ണി നായര്‍, കെ.സി. ചന്ദ്രന്, അറോട്ടില്‍ കിഷോര്‍, എം.എ. ഖാദര്‍, വിശ്വന് നന്മണ്ട, യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ശ്രീധരന്, മഠത്തില്‍ രഞ്ജിത്ത്, കെ.ടി. ശ്രീനിവാസന്, ടി.കെ. രാജേന്ദ്രന്, കെ.സി. ബാലകൃഷ്ണന്, കളരിത്തറ അഹമ്മദ്, പി.പി. നൗഷീര്‍, എ. വത്സന്, വി.എസ്. അഭിലാഷ്, റിഷാദ് പുത്തൂര്‍ തുടങ്ങി 17 പേരാണ് കത്തില്‍ ഒപ്പിട്ടത്.
ഇതിന് പുറമേ ഇന്നലെ രണ്ടു പേര് കൂടി രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒരാളുടേയും രാജി സ്വീകരിച്ചിട്ടില്ലെന്നാണ് നേതൃത്വം പറയുന്നത്.