ന്യൂഡൽഹി: ന്യൂനപക്ഷപിന്തുണ കുറഞ്ഞതും അമിത ആത്മവിശ്വാസവും യുഡിഎഫ് ദുർബലമായതും കൂട്ടായ നേതൃത്വത്തിന്റെ കുറവും കേരളത്തിലെ തോൽവിയുടെ കാരണങ്ങളായെന്ന് കോണ്‍ഗ്രസിന്റെ അശോക് ചവാൻ സമിതി റിപ്പോർട്ട്.
നേതൃമാറ്റം ഉൾപ്പെടെയുള്ള സമഗ്ര അഴിച്ചുപണി ആവശ്യമാണ്. ഗ്രൂപ്പുകളുടെ വീതംവയ്പ് ഒഴിവാക്കി സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിച്ചാൽ കോണ്‍ഗ്രസിനു തിരിച്ചുവരാനാകുമെന്നും തെരഞ്ഞെടുപ്പു തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ എഐസിസി നിയോഗിച്ച സമിതി നിർദേശിച്ചതായി സൂചനയുണ്ട്.
കേരളം, പുതുച്ചേരി, ആസാം സംസ്ഥാനങ്ങളിലെ തോൽവിയുടെ കാരണങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളും ശിപാർശകളും നിർദേശങ്ങളും അടങ്ങിയ റിപ്പോർട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു നൽകിയതായി സമിതി അധ്യക്ഷനായ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ പറഞ്ഞു.
സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്റ് എച്ച്. പാല, ജ്യോതിമണി എന്നിവരടങ്ങിയ സമിതി ഓണ്‍ലൈനിലാണു തെളിവെടുപ്പു നടത്തിയത്. തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് വൈകാതെ സമർപ്പിക്കുമെന്നും സമിതി വിശദീകരിച്ചു.
തോൽവിയുടെ കാരണത്തിന് ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല. എന്നാൽ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർക്ക് ഉത്തരവാദിത്വത്തിൽനിന്നൊഴിയാൻ കഴിയില്ലെന്ന സൂചന റിപ്പോർട്ടിലുണ്ട്.
ഭൂരിപക്ഷ ഹൈന്ദവ വോട്ട ർമാരോടൊപ്പം മുസ്ലിം ക്രൈസ്തവ വോട്ടർമാരുടെയും വിശ്വാസം തിരിച്ചുപിടിക്കുകയെന്നതു പ്രധാനമാണ്.
യുഡിഎ ഫിൽ മുസ്ലിം ലീഗിന്റെ അമിത സ്വാധീനമെന്ന പ്രചാരണവും ശബരിമല പ്രശ്നത്തിലെ കടുത്ത നിലപാടുകളും തിരിച്ചടിയായെന്നും സമിതി റിപ്പോർട്ടിലുണ്ടെന്നാണു സൂചന.
കഴിഞ്ഞ മാസം പത്തിനു ചേർന്ന പ്രവർത്തകസമിതി യോഗമാണ് അഞ്ചു സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ കനത്ത തെരഞ്ഞെടുപ്പു തോൽവിയെക്കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്.
അതാതു സംസ്ഥാനങ്ങളിലെത്തി വിശദമായ തെളിവെടുപ്പു നടത്താനായിരുന്നു ലക്ഷ്യമെങ്കിലും കോവിഡ് സാഹചര്യത്തിൽ ഓണ്‍ലൈൻ തെളിവെടുപ്പു നടത്തി അവസാനിപ്പിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ പ്രകടനം വളരെയധികം നിരാശാജനകമെന്നു പറയുന്നതു തീരെ കുറഞ്ഞതാണെന്ന് അന്നു സോണിയ പറഞ്ഞിരുന്നു.
തോൽവിയുടെ അസുഖകരമായ കാര്യങ്ങൾ മനസിലാക്കി യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്നില്ലെങ്കിൽ ശരിയായ പാഠം പഠിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കൾക്കു സോണിയ മുന്നറിയിപ്പു നൽകി.