1980 ലെ തെരഞ്ഞെടുപ്പിലാണ് ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് ആദ്യമായി കൈപ്പത്തി ചിഹ്നം ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്താണ് പുതിയൊരു ചിഹ്നം തെരഞ്ഞെടുക്കാൻ ഇന്ദിര തീരുമാനിക്കുന്നത്. ഇന്ദിരയോട് എത്രയും വേഗം ഡൽഹിയിലുള്ള ഇലക്ഷൻ കമ്മീഷന്റെ ഓഫീസിലെത്തി ചിഹ്നം തെരഞ്ഞെടുക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.
എന്നാൽ അപ്പോൾ ഇന്ദിര പി.വിനരസിംഹ റാവുവിനെ കാണാൻ ആന്ധ്രാപ്രദേശിൽ എത്തിയതായിരുന്നു. അതുകൊണ്ട് അപ്പോൾ ഡൽഹിയിലുണ്ടായിരുന്ന ഭൂട്ടാ സിംഗിനോട് ഇലക്ഷൻ കമ്മീഷന്റെ ഓഫീസിൽ ചെന്ന് ചിഹ്നം തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു.
ഭൂട്ടാ സിംഗിന്റെ മുന്പിൽ മൂന്പ് ചിഹ്നങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്. ആന, സൈക്കിൾ, കൈപ്പത്തി എന്നിവയായിരുന്നു അത്്.ഇതിൽ ഏത് ചിഹ്നം തെരഞ്ഞെടുക്കണമെന്ന് അറിയാതെ ഭൂട്ടാ സിംഗ് ടെലിഫോണിൽ ഇന്ദിരയെ ബന്ധപ്പെട്ടു. മറ്റു പാർട്ടി നേതാക്കളോടൊക്കെ കൂടി ആലോചിച്ച ശേഷം കൈപ്പത്തി തെരഞ്ഞെടുക്കാൻ ഇന്ദിര തീരുമാനിച്ചു.
പിറ്റേ ദിവസം ഭൂട്ടാ സിംഗ് വീണ്ടു വിളിച്ച് ഹാത് ടീക് രഹേ ഗാ (കൈപ്പത്തി മതിയോ) എന്നു ചോദിച്ചു. എന്നാൽ ഭൂട്ടാസിംഗിന്റെ ഉച്ചാരണത്തിലെ പ്രത്യേകത കാരണം ഹാത് എന്നത് ഹാത്തി എന്നാണ് ഇന്ദിക കേട്ടത്. ഹാത്തി വേണ്ട ഹാത് മതിയെന്ന് ഇന്ദിര പറഞ്ഞു. അപ്പോൾ താനും ഹാത്ത് എന്നാണ് പറഞ്ഞത് ഭൂട്ടാ സിംഗ് തിരിച്ചു പറഞ്ഞു. പക്ഷെ അപ്പോഴും ഇന്ദിരയ്ക്ക് തിരിഞ്ഞത് ഹാതി എന്നാണ്.
ഒടുവിൽ ക്ഷമ നശിച്ച ഇന്ദിര ഫോണ് നരസിംഹ റാവുവിനു കൈമാറുകയും അദ്ദേഹം ഇരുവരുടെയും സംശയങ്ങൾ പരിഹരിക്കുകയും ചെയ്യുകയായിരുന്നു. ഏതായാലും ആ കൈപ്പത്തി ചിഹ്നം വേഗം തന്നെ ഹിറ്റായി. പിന്നീട് ഇതുവരെ കോണ്ഗ്രസ് തങ്ങളുടെ ചിഹ്നം മാറ്റിയിട്ടുമില്ല.
ഇന്ദിര വേണ്ടെന്നുവച്ച സൈക്കിളും ആനയും പിന്നീട് ഉത്തർപ്രദേശിൽ കോണ്ഗ്രസിന്റെ എതിരാളികളായി വളർന്ന രണ്ടു പാർട്ടികൾ സ്വീകരിച്ചു എന്നതും കൗതുകകരമായ കാര്യമാണ്.