ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കുന്നതിനിടെ സമയം ലഭിക്കുമ്പോൾ ഇതൊന്ന് വായിച്ചു നോക്കുക എന്നാവശ്യപ്പെട്ട് ഭരണഘടനയുടെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അയച്ചുനൽകി. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രിക്ക് ഭരണഘടന അയച്ച് റിപ്പബ്ലിക് ദിനത്തിൽ കോൺഗ്രസ് പ്രതിഷേധം അറിയിച്ചത്.
ഭരണഘടന അയച്ചതിന്റെ രസീത് സഹിതമായിരുന്നു ട്വീറ്റ്. ‘പ്രിയ പ്രധാനമന്ത്രീ, ഭരണഘടന ഉടന്‍തന്നെ നിങ്ങളുടെ പക്കലെത്തും. രാജ്യത്തെ വിഭജിക്കുന്നതിനിടയില്‍ സമയം കിട്ടിയാല്‍ ദയവായി അതൊന്ന് വായിക്കണം. എന്ന് കോണ്‍ഗ്രസ്’, എന്ന് കുറിക്കുകയും ചെയ്തു.
പൗരത്വ നിയമ ഭേദഗതി തെറ്റാണെന്ന് സ്ഥാപിച്ച് ഭരണഘടനയുടെ വിവിധ ഭാഗങ്ങളും ട്വീറ്റ് ചെയ്തു. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം രാജ്യത്തെ എല്ലാ വ്യക്തികൾക്കും മതം, ജാതി, ലിംഗഭേദം എന്നിവ പരിഗണിക്കാതെ നിയമത്തിന് മുന്നിൽ തുല്യത ഉറപ്പാക്കണം. ഇത് മനസിലാക്കാൻ ബിജെപി പരാജയപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയിലൂടെ സർക്കാർ ഈ ഭരണഘടനാ തത്വത്തെ പൂർണമായും ലംഘിച്ചിരിക്കുകയാണ്. ഏതുതരത്തിലുള്ള വിവേചനത്തിൽനിന്നും എല്ലാ പൗരൻമാർക്കും ഭരണഘടന സംരക്ഷണം ഉറപ്പ് നൽകുന്നുണ്ട്. അതിനാൽ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള ഏതൊരു നിയമവും ഭരണഘടനാവിരുദ്ധമാണെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് പലസംഘടനകളും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഉയർത്തിയത്. രാജ്യത്തെമ്പാടും ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളും സാമൂഹിക, സാംസ്കാരിക സംഘടനകളും പ്രതിഷേധ പരിപാടികൾ നടത്തി. മലയാള പത്രങ്ങൾ പലതും ഭരണഘടനയുടെ ആമുഖം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു.