ഇ. അനീഷ്
കോഴിക്കോട്: കെപിസിസി പ്രസിഡന്റായി കെ.സുധാകരന് വരികയും പുനസംഘടന ഉറപ്പാകുകയും ചെയ്തതോടെ കോണ്‍ഗ്രസില്‍ അടി തുടങ്ങി.
ആരോടും ഉത്തവരാദിത്തമില്ലാത്ത ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്ന് കെ.സുധാകരന് അറിയിച്ചതോടെ നേതാക്കള്‍ ആകെ ആശയകുഴപ്പത്തിലാണ്. നൂറോളം നേതാക്കന്മാരാണ് ഓരോ ഡിസിസികളിലും ഉള്ളത്.
നിര്‍വാഹക സമിതി അംഗങ്ങള്‍ അടക്കം പരമാവധി 51 പേര് മതിയെന്ന നിലപാടാണ് കെപിസിസി പ്രസിഡന്റിനുള്ളത്. ഇതിന് ഹൈക്കമാന്‍ഡും പച്ചക്കൊടികാണിച്ചാല്‍ ഒരു വലിയ വിഭാഗം നേതാക്കളും പടിക്കുപുറത്താകും.
ഇത് ആരൊക്കെയെന്ന് കണ്ടറിയേണ്ടിവരും. പഴയതുപോലെയല്ല രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമൊന്നും ഇപ്പോള്‍ സജീവമല്ല. അനുയായികളുടെ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതോടെ പുതിയ കെപിസിസി പ്രസിഡന്റിനെ ചാക്കിലാക്കാനാണ് സ്ഥാനമോഹികളുടെ നീക്കം.
മുന്‍ കെപിസിസി സെക്രട്ടറി മുതല്‍ കെഎസ് യു നേതാവ് വരെ കോഴിക്കോട് ഡിസിസി പ്രസിഡന്റാകാന്‍ അണിയറയില്‍ നീക്കം തുടങ്ങി.
ഡിസിസി തലപ്പത്ത് മാറ്റം വരുമെന്നുറപ്പായിട്ടുണ്ട്. നിലവിലുള്ള പ്രസിഡന്റ് യു.രാജീവനെ നീക്കിയാല്‍ സ്ഥാനത്തിനായി അരഡസനോളം നേതാക്കള്‍ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ സജീവമായി.
സുധാകരന്റെ കോഴിക്കോട്ടെ വിശ്വസ്തനായ കെ ജയന്തിനെ നേതൃത്വത്തില്‍ നിയോഗിക്കുമെന്ന ചര്‍ച്ച എ, ഐ ഗ്രൂപ്പുകള്ക്കിടയിലുമുണ്ട്. രണ്ട് കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ് പ്രസിഡന്റാകാന്‍ മോഹിക്കുന്ന പ്രധാനികള്‍.
ജനറല്‍ സെക്രട്ടറിയായ കെ. പ്രവീണ്‍കുമാര്‍ കെ മുരളീധരന്റെ അടുപ്പക്കാരനാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ പിന്തുണയും പ്രതീക്ഷിക്കുന്നു.
മറ്റൊരു ജനറല്‍ സെക്രട്ടറി പി.എം. നിയാസാകട്ടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വിശ്വസ്തനാണ്. എം.കെ. രാഘവന് എംപിക്കും നിയാസിനോടാണ് താത്പര്യം. തലമുറമാറ്റമെന്ന പേരില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും പരിഗണിക്കപ്പെട്ടേക്കാം.