കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് കേരള കോണ്‍ഗ്രസിനു മേല്‍ കുറ്റം ചുമത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നടപടിക്കെതിരേ കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.
കഴിഞ്ഞ രണ്ടു ദിവസമായി കോട്ടയം ഡിസിസിയില്‍ കോണ്‍ഗ്രസ് നേതാവ് വി.സി. കബീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു മുമ്പിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസിനെതിരേ അരോപണവുമായി രംഗത്തെത്തിയത്.
ചങ്ങനാശേരി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ജോസഫ് വിഭാഗത്തിനു നല്‍കിയതാണ് പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കമ്മീഷനു മുമ്പില്‍ പരാതി പറഞ്ഞിരുന്നു.
എന്നാല്‍ ഈ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും വേണ്ടത്ര സഹായം ലഭിച്ചില്ലെന്നാണ് ജോസഫ് ഗ്രൂപ്പിലെ ഒരു ഉന്നത നേതാവ് പറഞ്ഞത്.
സ്വന്തം കഴിവു കേടുകൊണ്ടും സംഘടനാ സംവിധാനമില്ലാത്തതുകൊണ്ടും പരാജയപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം ജോസഫ് ഗ്രൂപ്പിന്റെ തലയില്‍ പരാജയം കെട്ടിവയ്ക്കാനുള്ള നീക്കം തമാശയായിട്ടാണ് തോന്നുന്നതെന്നും നേതാവ് പറഞ്ഞു.
കേരള കോണ്‍ഗ്രസിനെതിരേ കമ്മീഷനു മുമ്പില്‍ പതുങ്ങി ചെന്ന് പരാതി പറയുന്നവരുടെ പേര് പുറത്തു പറഞ്ഞാല്‍ മറുപടി പറയാമെന്നും യുഡിഎഫ് ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായി സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
ജോസഫ് ഗ്രൂപ്പിനെതിരേ ആരും പരാതി പറഞ്ഞിട്ടില്ലെന്നാണ് ഡിസിസി പ്രസിഡന്റ് അറിയിച്ചതെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
കെപിസിസി നിയോഗിച്ച വി.സി. കബീര്‍, ഖാദര്‍ മങ്ങാട്ട്, പുനലൂര്‍ മധു എന്നിവര്‍ ഉള്‍പ്പെട്ട ഉപസമിതിക്കു മുന്നില്‍ വിവിധ തലങ്ങളിലുള്ള 170 നേതാക്കള്‍ എത്തി അഭിപ്രായങ്ങള്‍ അറിയിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നു. കോണ്‍ഗ്രസിന് വാര്‍ഡ്, ബൂത്ത് തലത്തില്‍ അടിത്തറയില്ലാത്തതും പ്രദേശികതലം വരെ നേതാക്കള്‍ അണികളെ മറന്ന് സ്വന്തം നിലപാട് സ്വീകരിച്ചതുമാണു തോല്‍വിയുടെ അടിസ്ഥാന കാരണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിന്റെ തുടര്‍ച്ച നിയമസഭയിലും ആവര്‍ത്തിച്ചുവെന്നും നിഷ്പക്ഷമതികളായ പ്രാദേശിക നേതാക്കള്‍ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒന്നാം റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയിട്ടും യുഡിഎഫില്‍ സ്ഥാനാര്‍ഥി നിർണയ ത്തിൽ തര്‍ക്കം തുടരുകയായിരുന്നു.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തിളക്കമുള്ള വിജയം നേടാനായില്ല. പാലായില്‍ മാണി സി. കാപ്പന്റെ വിജയം വ്യക്തിപരമായ നേട്ടമാണ്. കടുത്തുരുത്തിയിലും കഷ്ടിച്ചു കടന്നുകൂടി.
വൈക്കം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ തോല്‍വി ദയനീയമായിരുന്നു. മുന്നണി സംവിധാനം ഇവിടങ്ങളില്‍ നിര്‍ജീവമായിരുന്നു. സംസ്ഥാന ചുമതലയിലുള്ള മൂന്നു നേതാക്കള്‍ക്കെതിരേ പേരെടുത്ത് പരാതി ഉയര്‍ന്നു.
ഈ പോക്കു പോയാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടപ്പിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാകില്ല. പത്തനംതിട്ട, മാവേലിക്കര സീറ്റുകള്‍ നിലനിര്‍ത്താനും കോട്ടയം മാണി വിഭാഗത്തില്‍നിന്നു തിരിച്ചുപിടിക്കാനുമുള്ള കരുത്ത് നിലവില്‍ പാര്‍ട്ടിക്കില്ലെന്നും നേതാക്കള്‍ കമ്മീഷനു മുമ്പില്‍ കുറ്റപ്പെടുത്തി.