വെഞ്ഞാറമൂട് : തേന്പാംമൂട്ടിൽ വെട്ടേറ്റു മരിച്ച മിഥിലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്ക് പിന്നാലെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനം നിയന്ത്രണം വിട്ടു.
തേന്പാംമൂട്ടിലും, മരുതുംമൂട്ടിലും വെഞ്ഞാറമൂട്ടിലും കോണ്‍ഗ്രസ് പാർട്ടി ഓഫീസുകൾക്ക് തീയിട്ടു. രക്ഷാപ്രവർത്തനത്തിന് എത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് ജീവനക്കാർക്കു നേരെ ആക്രമണമുണ്ടായി.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ, ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ അബ്ബാസി , ലിനു സനൽകുമാർ , അരവിന്ദ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഫയർഫോഴ്സ് വാഹനത്തിന്റെ ക്യാബിനിലും, ടയറുകളിലും പെട്രോൾ ഒഴിച്ചു. ടയറുകളുടെ കാറ്റ് അഴിച്ചു വിട്ടു. വെന്പായത്തും, തേന്പാംമൂട്ടിലും, വട്ടപ്പാറയിലും, വെഞ്ഞാറമൂട് കെ എസ്ആർടി സി ഡിപ്പോയിലും കോണ്‍ഗ്രസിന്റെയും ഐഎൻടിയുസി യുടെയും കൊടിമരങ്ങളും ബോർഡുകളും നശിപ്പിച്ചു.
കന്യാകുളങ്ങര കോണ്‍ഗ്രസ് ഹൗസും, ഐ എൻ ടി യു സി ഓഫീസും അടിച്ചു തകർത്തു. കെ പി സി സി നിർവ്വാഹക സമിതി അംഗം രമണി പി.നായരുടെ വീടിന് നേരെ കല്ലേറുണ്ടായി. വെന്പായത്ത് ഇന്ന് ഹർത്താലിന് കോണ്‍ഗ്രസ് നേതൃത്വം ആഹ്വാനം ചെയ്തു.
പയ്യന്നൂരില്‍ സജിത്ലാല്‍ സ്മാരക സ്തൂപം തകര്‍ത്തു
പയ്യന്നൂര്‍(കണ്ണൂർ): കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന സജിത്ലാലിന്റെ സ്മാരക സ്തൂപം തകര്‍ത്തു. പയ്യന്നൂര്‍ മൂരിക്കൊവ്വലിലെ ശ്രീ നാരായണ വിദ്യാലയത്തിന് സമീപത്തെ സജിത്ലാല്‍ സ്മാരക മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന സ്തൂപമാണ് അക്രമികള്‍ തകര്‍ത്തത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. സ്മാരക സ്തൂപത്തില്‍ സ്ഥാപിച്ചിരുന്ന സജിത്ലാലിന്റെ ഫോട്ടോയുള്‍പ്പെടെയാണ് ഇരുളിന്റെ മറവില്‍ തകര്‍ക്കപ്പെട്ടത്. സ്മാരക സ്തൂപത്തിന് നേരെയുണ്ടായ ആക്രമണത്തിനെതിരെ 17-ാം വാര്‍ഡ്
കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാണിയാടന്‍ പ്രഭാകരന് പയ്യന്നൂര്‍ പോലീസിന് നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ക്രിമിനല്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്.
തൊടുപുഴയിലും കട്ടപ്പനയിലും ഓഫീസുകൾ തകർത്തു
തൊടുപുഴ: വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ തൊടുപുഴയിലും കട്ടപ്പനയിലും കോണ്‍ഗ്രസ് ഓഫീസുകൾക്കു നേരെ ആക്രമണം.
തൊടുപുഴയിൽ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസായ രാജീവ് ഭവൻ കല്ലെറിഞ്ഞു തകർത്തു. ഇന്നലെ 3.30 ഓടെയായിരുന്നു സംഭവം.
ടൗണിലൂടെ പ്രകടനം കടന്നു പോകുന്നതിനിടെ അകന്പടിയായുണ്ടായിരുന്ന പോലീസുകാരെ തള്ളി മാറ്റി ഓടിക്കയറിയ പ്രകടനക്കാർ കോണ്‍ഗ്രസ് ഓഫീസ് കല്ലെറിഞ്ഞു തകർക്കുകയായിരുന്നു.
ഓഫീസിന്റെ മുൻഭാഗത്തെ ചില്ലുകൾ ആണ് തകർത്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന അറുപതോളം പേർക്കെതിരെ കേസെടുത്തതായി എസ്ഐ ബൈജു പി.ബാബു പറഞ്ഞു.
വീഡിയോ ദൃശ്യത്തിൽ നിന്നും കല്ലെറിഞ്ഞ പ്രതികളെ കണ്ടെത്തി ഇവരെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനു മുന്നിലേക്ക് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
കട്ടപ്പനയിൽ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസും യൂത്ത് കോണ്‍ഗ്രസ് ഓഫീസുമാണ് അടിച്ച് തകർത്തത്. ഇന്നലെ ഉച്ചയോടെയാണ് ഓഫീസുകൾക്ക് നേരേ ആക്രമണം നടന്നത്.
ടൗണിൽ കെഎസ്ഇബി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിക്ക് കീഴിലുള്ള രാജീവ് ഭവനും ടിബി ജംഗ്ഷനിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസുമാണ് അടിച്ച് തകർത്തത്. രാജീവ് ഭവന്റെ ജനൽ ചില്ലുകളും മുന്നിൽ നിന്ന കൊടിമരവും തകർന്നിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി കട്ടപ്പന ഗാന്ധി സ്ക്വയറിന് മുൻപിൽ രണ്ടുമണിക്കൂർ ഉപവാസസമരം നടത്തി.