കാലാവസ്ഥാ വ്യതിയാനവും അനാരോഗ്യ ജീവിത സാഹചര്യവും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും ഗുരുതരരോഗങ്ങള്‍ക്കും കാരണമാകുന്നു.
ഈയിടെയായി ആളുകള്‍ക്കിടയില്‍ ചെങ്കണ്ണ് രോഗം പിടിപെടുന്നത് വര്‍ധിച്ചിട്ടുണ്ട്. നിരവധിപേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിയെത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണു രോഗികള്‍ കൂടുതലായും എത്തുന്നത്.
സ്വയംചികിത്സ വേണ്ട
നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ് എന്നിവയാണു രോഗകാരികൾ. ഈ രോഗം പകരുന്നതിനാല്‍ വീട്ടിലെ ഒരാള്‍ക്ക് ബാധിച്ചാല്‍ മറ്റുള്ളവര്‍ക്കും പെട്ടെന്നു പിടിപെടാന്‍ സാധ്യതയുണ്ട്.
കൃത്യസമയത്തു തന്നെ ചികിത്സ ലഭിച്ചാല്‍ മൂന്നുനാലു ദിവസം കൊണ്ട് രോഗം മാറും. എന്നാല്‍ സമയോചിതമായ ചികിത്സ ലഭിക്കാതെ പോയാല്‍ കാഴ്ച നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനത്താല്‍ രോഗം പടരാനുള്ള സാധ്യത കൂടുതലായതിനാല്‍ കരുതല്‍ അത്യാവശ്യമാണ്.
ലക്ഷണങ്ങൾ
കണ്ണിനു ചൂട്, കണ്ണുകള്‍ക്കു ചൊറിച്ചില്‍, കണ്പോളകള്ക്കു തടിപ്പ്, തലവേദന, കണ്ണുകളില്‍ ചുവപ്പുനിറം, പീള കെട്ടല്‍, പ്രകാശം അടിക്കുന്പോള്‍ അസ്വസ്ഥത, ചിലര്‍ക്കു വിട്ടുവിട്ടുള്ള പനി തുടങ്ങിയവയാണ് ചെങ്കണ്ണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.
രോഗം പിടിപെട്ടാല്‍ സ്വയമേ ചികിത്സിക്കുന്നത് ഒഴിവാക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ സ്വീകരിക്കുക.
പകരാതിരിക്കാൻ
രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ രോഗബാധിതര്‍ പ്ലെയിന്‍ കണ്ണടകളോ കൂളിംഗ് ഗ്ലാസോ ഉപയോഗിക്കാം. രോഗം പിടിപെട്ടാല്‍ ടിവി, കംപ്യൂട്ടര്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക. വൈറസ് വായുവിലൂടെ പകരുന്നതിനാല്‍ രോഗം ബാധിച്ചയാളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക.
രോഗബാധിതര്‍ ഉപയോഗിച്ച സോപ്പ്, തോര്‍ത്ത് തുടങ്ങിയവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ ഹാൻഡ് വാഷോ പുരട്ടി കഴുകി വൃത്തിയാക്കുക.
ശ്രദ്ധിക്കുക
* ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക. * ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുക * കൃത്യ സമയത്ത് ഉറങ്ങുക * ശരീരത്തിനും കണ്ണുകള്‍ക്കും വിശ്രമം നല്‍കുക
വിവരങ്ങൾ: രാജേഷ് രാഘവ്
കൺസൾട്ടന്റ് ഒപ്റ്റോമെട്രിസ്റ്റ് & കോൺടാക്റ്റ് ലെൻസ് സ്പെഷലിസ്റ്റ്, മുതുകുളം.
ഫോൺ: 8307916916