ലോകമെമ്പാടുമുള്ള ആരാധകരുടെ ഇഷ്ട ഹൊറര്‍ ചിത്രമാണ് 2013ല്‍ ഇറങ്ങിയ ദി കോണ്‍ജ്വറിങ്. യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചതെന്നാണ് സിനിമയുടെ അണിയറക്കാര്‍ അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ ഇത് സിനിമയുടെ പ്രൊമോഷനു വേണ്ടിയുള്ള അവകാശവാദമാണെന്നാണ് പലരും ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിലെ പല സംഭവങ്ങള്‍ക്കും സമാനമായ കാര്യങ്ങള്‍ ഈ ചിത്രം ഷൂട്ട് ചെയ്ത വീട്ടില്‍ സംഭവിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
അമേരിക്കയിലെ റോഡ് ഐലന്‍ഡിലുള്ള ഹാരിസ്വില്ലെയിലാണ് ഈ പ്രേത ഭവനം സ്ഥിതി ചെയ്യുന്നത്. ഈ ഫാം ഹൗസ് 2019 ജൂണില്‍ കോറി, ജെന്നിഫര്‍ ഹെയ്ന്‍സന്‍ എന്നീ ദമ്പതികള്‍ വാങ്ങിയിരുന്നു.
പാരാനോര്‍മല്‍ അന്വേഷകര്‍ കൂടിയായ ഈ ദമ്പതികള്‍ക്ക് ഈ വീട്ടില്‍ നിന്ന് വിചിത്രമായ പല അനുഭവങ്ങളും ഉണ്ടായെന്നാണ് പറയുന്നത്.
ഏകദേശം 3.21 കോടി രൂപയ്ക്കാണ് ഇവര്‍ ഈ ഫാം ഹൗസ് സ്വന്തമാക്കിയത്. ഇത് സ്വന്തമാക്കി രണ്ട് മാസത്തിന് ശേഷം ഇവര്‍ മകളായ മാഡിസന്‍ ഹെയ്ന്‍സനൊപ്പം ഇവിടേക്ക് താമസം മാറി.
ഇവര്‍ താമസം തുടങ്ങിയതില്‍ പിന്നെ വിചിത്രമായ പലതും വീട്ടില്‍ കാണാറുണ്ടെന്നും ഇതിനെ കുറിച്ചുള്ള കാര്യങ്ങള്‍ മാഡിസണ്‍ ടിക്‌ടോക് അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.
തല മറച്ച് പാവാടയുടുത്ത ഒരു സ്ത്രീ രൂപത്തെ ഒരിക്കല്‍ കണ്ടതായും പിന്നീട് ഈ രൂപം അപ്രത്യക്ഷമാവുകയായിരുന്നു എന്നും ഒരു വീഡിയോയില്‍ മാഡിസണ്‍ പറയുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
താന്‍ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് അജ്ഞാത രൂപത്തെ കണ്ടതെന്നും മൂന്ന് സെക്കന്‍ഡിനുള്ളില്‍ ഈ രൂപം അപ്രത്യക്ഷമായെന്നും മാഡിസന്‍ അവകാശപ്പെടുന്നു.
വീട്ടിലെ ലൈറ്റുകള്‍ താനേ കത്തുന്നതായും, കാലടി ശബ്ദവും, തട്ടലും മുട്ടലും പല അപശബ്ദങ്ങളും കേള്‍ക്കുന്നതായും ഇവര്‍ വെളിപ്പെടുത്തുന്നു.
വീട് വാങ്ങുമ്പോള്‍ പ്രേത ബാധയുണ്ടെന്ന് അറിയാമായിരുന്നെങ്കിലും വീട്ടിലുള്ള ആത്മാക്കള്‍ സൗഹാര്‍ദ്ദപരമായി ഇരിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍ പിന്നീട് ഇവ ആക്രമണ സ്വഭാവം കാണിക്കുന്നതായും വീട്ടുകാര്‍ പറയുന്നു.
പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി തങ്ങളുടെ വീട് തുറന്നു കൊടുക്കുമെന്നും വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതിന് 12 കാമറകള്‍ സ്ഥാപിച്ചതായും മാഡിസന്‍ പറഞ്ഞു.