കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിൻമാറിയതിനെ തുടർന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും.
ലക്ഷ്മിയെയും ഭർത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണും പോലീസിന്റെ കസ്റ്റഡിയിലാണ്.
റംസിയുടെ ഗർഭം അലസിപ്പിക്കാൻ ലക്ഷ്മി പ്രമോദാണു പ്രേരിപ്പിച്ചതെന്നും റംസിയുടെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ അറസ്റ്റിലായ പ്രതിശ്രുത വരൻ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണു ലക്ഷ്മി.
ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവർ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിർണായകമാകുമെന്നു പോലീസ് അറിയിച്ചു.
നടിയും കേസിൽ ആരോപണ വിധേയരായവരും ഒളിവിൽ പോയതായും ഇവർക്കായി അന്വേഷണം ഉൗർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
ഇരവിപുരം വാളത്തുംഗൽനിന്നു കൊട്ടിയം കൊട്ടുംപുറത്ത് വാടകയ്ക്ക് താമസിക്കുന്ന 24-കാരിയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരുടെയും വിവാഹം നിശ്ചയിച്ച് വളയിടീൽ ചടങ്ങും നടത്തിയിരുന്നു. പലപ്രാവശ്യം യുവാവ് വീട്ടുകാരിൽനിന്ന് പണവും ബിസിനസ് ആവശ്യത്തിനായി സ്വർണവും കൈപ്പറ്റിയിരുന്നതായും യുവതിയുടെ രക്ഷിതാക്കൾ പറയുന്നു.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ സഹോദരിയുടെ കുഞ്ഞിനെ ഉറക്കുന്ന തൊട്ടിലിന്റെ കയറിൽ യുവതി തൂങ്ങിമരിച്ചതായി കണ്ടത്.