റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ചു ചികിത്സയിലായിരുന്ന 101 വയസുകാരന് രോഗവിമുക്തനായി. 1919ല്‍ സ്പാനിഷ് ഫ്ളൂവിന്റെ കാലത്ത് ജനിച്ച ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ റീജിയണിലെ റിമിനി ഇന്ഫെര്മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോകം കണ്ട ഏറ്റവും വലിയ രണ്ടു മഹാമാരികളുടെ കാലത്തു ജീവിച്ചിരുന്നു എന്ന നിലയ്ക്കു പ്രത്യേക പ്രാധാന്യമാണ് ഇദ്ദേഹത്തിനുള്ളത്.
രാജ്യം കൊറോണ മരണത്തിന്റെ പിടിയില്‍ നില്ക്കുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ രോഗസൗഖ്യം എല്ലാവര്ക്കും സന്തോഷം പകരുന്ന കാര്യമാണെന്നും ചികിത്സയില്‍ കഴിയുന്ന ആയിരക്കണക്കിന് രോഗികള്‍ക്കിത് വലിയ ആശ്വാസമാണെന്നും റിമിനി ഡെപ്യൂട്ടി മേയര്‍ ഗ്ലോറിയ ലിസി പറഞ്ഞു. ഇദ്ദേഹത്തിന്റെ പുനര്ജന്മം ആരോഗ്യമേഖലയിലാകെ പ്രത്യാശ പകര്‍ന്നിട്ടുണ്ട്.
1918 മുതല്‍ 1920 വരെയുള്ള കാലഘട്ടത്തില്‍ ലോകത്താകമാനം ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായ രോഗമായിരുന്നു സ്പാനിഷ് ഫ്ളൂ. അന്ന് ഇറ്റലിയില്‍ മാത്രം ഏകദേശം ആറു ലക്ഷം പേര് മരിച്ചു.