വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: കോവിഡ് ബാധിച്ച് ആന്തരിക അവയവ പ്രവർത്തനം തകരാറിലായവരുടെ ആരോഗ്യസ്ഥിതി പഴയ നിലയിലേക്ക് മടങ്ങുന്നില്ല. രോഗ ബാധിതരിൽ 20 ശതമാനം വിവിധ ആരോഗ്യപ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നു.
കോവിഡ് ബാധിതരിലെ രണ്ടുശതമാനത്തിന് ആറുമാസം കഴിഞ്ഞിട്ടും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ തുടരുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.എം.എസ്. ഷർമദ് പറഞ്ഞു.
ലോകത്ത് കോവിഡ് ബാധിതരിൽ മരണം മൂന്നു ശതമാനമുള്ളപ്പോൾ കേരളത്തിൽ ഒരു ശതമാനം മാത്രമാണെന്നതിൽ ആശ്വസിക്കാം. അതേസമയം കോവിഡ് ബാധിതരിലെ ചെറിയ വിഭാഗത്തിന് ആന്തരികാവയവ പ്രവർത്തനം പഴയ നിലയിലാകുന്നില്ല. ബുദ്ധിമുട്ടു നേരിടുന്നവരിലെ ആദ്യ വിഭാഗം ശ്വാസകോശ രോഗികളാണ്.
ശ്വാസകോശം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന പ്രവർത്തനത്തെയാണ് കോവിഡ് കുറച്ചത്. ഇക്കാരണത്താൽ ശ്വാസം മുട്ട് സ്ഥിരമായുണ്ടാകുന്നു. ബുദ്ധിമുട്ടിലാക്കിയ രണ്ടാമത്തെ വിഭാഗം അമിത വണ്ണക്കാരാണ്.
മൂന്നാമത്തേത് ഹൃദ്രോഗികളാണ്. ഹൃദയത്തിന്റെ വികസിക്കാനും ചുരുങ്ങാനുമുള്ള കഴിവിനെ കുറച്ചതാണ് നേരിടുന്ന ബുദ്ധിമുട്ട്.
വൃക്കകളുടെ പ്രവർത്തനശേഷിയെ ബാധിക്കുന്നത് വൃക്ക രോഗികളിലും കരളിന്റെ പ്രവർത്തനശേഷി കുറയുന്നത് ലിവർ സിറോസിസുകാരിലും പ്രശ്നങ്ങളുണ്ടാക്കുന്നു.
കാൻസർ രോഗികളിൽ പല അവയവങ്ങളുടെ പ്രവർത്തനത്തെയാണ് തകരാറിലാക്കിയത്.
കോവിഡ് പ്രതിപ്രവർത്തനത്തിലൂടെയുണ്ടാകുന്ന ആന്റിജനുകൾ ആന്തരികാവയങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നതായി ഡോ ഷർമദ്ഖാൻ പറഞ്ഞു.
ആറുമാസം കഴിഞ്ഞിട്ടും അവയവ പ്രവർത്തന തകരാറ് മാറാത്തതിനെക്കുറിച്ച് പഠനം ആവശ്യമാണെന്നും ഡോക്ടർമാർ പറയുന്നു.
കോവിഡിന്റെ ജനിതക മാറ്റം വന്ന വൈറസിനെ കേരളത്തിൽ കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടില്ല. സ്കൂളുകളും കോളജുകളും തുറക്കുന്നവേളയിൽ ഭയക്കുകയല്ല ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും മഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.എം.എസ്. ഷർമദ് പറഞ്ഞു.