സ്വന്തംലേഖകൻ
തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ നഗരത്തിലെ വ്യാപാരികളെ കണക്ടിംഗ് ലോഡിന്റെ പേരിൽ കൊള്ളയടിക്കുന്നു. സ്ക്വാഡിനെ ഇറക്കി വൻതുക ഫൈനുള്ള ബില്ല് നൽകിയ ശേഷം രഹസ്യമായി സെറ്റിൽമെന്റ് നടത്തി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയാണ് കൊള്ള നടത്തി വരുന്നത്. കൈക്കൂലി നൽകാൻ പണമില്ലാതെ നഗരത്തിലെ ചില കടകൾ അടച്ചു പൂട്ടി. വൻ കൊള്ള നടത്തുന്നത് കോർപറേഷൻ മേലധികാരികൾ അറിഞ്ഞിട്ടും നടപടിയെടുക്കാതെ മൗനം പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്.
നഗരത്തിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമടക്കം നിശ്ചിത കണക്ടിംഗ് ലോഡിനാണ് കണക്ഷൻ നൽകുന്നത്. എന്നാൽ ഭാവിയിൽ പലരും കൂടുതൽ പ്ലഗുകളും മറ്റുപകരണങ്ങളും സ്ഥാപിക്കാറുണ്ട്. മീറ്ററിലെ റീഡിംഗ് അനുസരിച്ച് ബില്ലും കൃത്യമായി അടയ്ക്കാറുണ്ട്. എന്നാൽ കണക്ടിംഗ് ലോഡ് കൂടുതലാണെന്ന് പരിശോധന നടത്തി മുന്നറിയിപ്പു നൽകാതെ നേരിട്ടെത്തി ഫൈൻ അടപ്പിക്കാനുള്ള നീക്കമാണ് പുതിയ കൊള്ള നടത്തുന്നതിനുള്ള മാർഗമായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
പല വ്യാപാരികളും തങ്ങൾ കൃത്യമായി ബില്ലടയ്ക്കാറുണ്ടെന്നും മീറ്ററുകൾ കേടുണ്ടെങ്കിൽ മാറ്റി വയ്ക്കാറുണ്ടെന്നും പറയുന്നു. എന്നാൽ ഇപ്പോൾ സക്വാഡ് വരുമെന്ന് മുൻകൂട്ടി വൈദ്യുതി വിഭാഗം ജീവനക്കാർ പലരെയും അറിയിച്ചിട്ടാണ് പരിശോധനയ്ക്കെത്തുന്നത്. സംഘമെത്തി പരിശോധന നടത്തി രണ്ടും മൂന്നും ലക്ഷത്തിന്റെ ബില്ല് നൽകി മടങ്ങും. പിന്നാലെ വൈദ്യുതി വിഭാഗത്തിലെ ജീവനക്കാർ ബില്ല് സെറ്റിൽ ചെയ്യാൻ വേണ്ട പോലെ കണ്ടാൽ ശരിയാക്കാമെന്നു പറഞ്ഞ് ബന്ധപ്പെടും.
നഗരത്തിലെ പൊട്ടക്കുളത്തുള്ള ഒരു രഹസ്യ കേന്ദ്രത്തിൽ വച്ചാണ് സെറ്റിൽമെന്റെന്ന പേരിൽ വ്യാപാരികളെ വിളിച്ചു വരുത്തുന്നത്. മൂന്നു ലക്ഷം രൂപയൊക്കെ ഫൈനായി ബില്ല് കിട്ടിയിട്ടുള്ളവരോട് ഒരു ലക്ഷം രൂപ തന്നാൽ ബില്ല് അന്പതിനായിരം രൂപയായി കുറച്ചു തരാമെന്നു പറഞ്ഞാണ് സെറ്റിൽമെന്റ് നടത്തുന്നത്. കഴിഞ്ഞ ദിവസം നഗരമധ്യത്തിൽ ഒരു ചെറിയ തുണിക്കടയിൽ ചെന്ന് സംഘം പരിശോധന നടത്തി ഒരു ലക്ഷം രൂപ പിഴ നൽകണമെന്നു കാണിച്ച് ബില്ല് നൽകി. വ്യാപാരി ഭരണകക്ഷിയിലെ ഒരു മുതിർന്ന കൗണ്സിലറോട് പരാതി പറഞ്ഞതറിഞ്ഞ് വൈദ്യുതി ജീവനക്കാർ വീണ്ടുമെത്തി ബില്ല് രണ്ടുലക്ഷത്തി മൂവായിരം രൂപയാക്കി ഉയർത്തി നൽകി.
വ്യാപാരി പരാതിയുമായി ഇപ്പോൾ മേയറെ സമീപിച്ചിരിക്കയാണ്. പരാതി മുകളിലേക്ക് പറഞ്ഞാൽ പിഴയുടെ തുക ലക്ഷങ്ങളാക്കി ഉയർത്തുമെന്നും ഒരു ഭരണാധികാരിക്കും ഇത് തടയാനാകില്ലെന്നും ഭീഷണിപ്പെടുത്തിയാണ് വൈദ്യുതി ജീവനക്കാർ വ്യാപാരികളെ ഒതുക്കുന്നത്. കണക്ടിംഗ് ലോഡ് കൂടുതലായി ഉപയോഗിച്ചാൽ ഫൈൻ ചുമത്താമെന്ന പഴുതുപയോഗിച്ചാണ് വൈദ്യുതി ജീവനക്കാർ കൊള്ള നടത്താൻ ധൈര്യം കാണിക്കുന്നതത്രേ.
ഇത്തരം കൊള്ളയ്ക്കായി സ്ക്വാഡിന് സഞ്ചരിക്കാൻ വൈദ്യുതി വിഭാഗത്തിലെ വാഹനങ്ങൾക്കു പുറമേ സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കെടുത്താണ് പരിശോധനയ്ക്കെത്തുന്നതെന്നും ആക്ഷേപമുണ്ട്. സ്വകാര്യ വാഹനങ്ങളുടെ വാടകയ്ക്കായി മാത്രം രണ്ടര ലക്ഷം രൂപ മാസം വാടക നൽകുന്നുണ്ടെന്നും ആരോപണമുണ്ട്. ആറു വാഹനങ്ങളാണ് വാടകയ്ക്കെടുത്തിരിക്കുന്നതെന്ന് പറയുന്നു.
നഗരത്തിലെ ഒരു പ്രധാന ആശുപത്രിയുടെ പരിസരത്ത് ജ്യൂസ് കച്ചവടം നടത്തുന്ന കടയിൽ കഴിഞ്ഞ ദിവസം സ്ക്വാഡെത്തി മൂന്നു ലക്ഷം രൂപ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് ബില്ല് നൽകി. ഒരു ഫ്രീസർ കടയിൽ ഇട്ടിട്ടുണ്ടായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് വൻതുക ബില്ല് നൽകിയത്. എന്നാൽ ഈ ഫ്രീസർ കണക്ട് ചെയ്തിട്ടുണ്ടായിരുന്നില്ല. ഒടുവിൽ ബില്ല് ഒഴിവാക്കാൻ ലക്ഷങ്ങൾ കൈക്കൂലി ചോദിച്ചു. പക്ഷേ വൻതുക കൈക്കൂലി നൽകാൻ പണമില്ലാതായതോടെ വ്യാപാരി കടയടച്ചുപൂട്ടി.
ഇത്തരത്തിൽ നഗരത്തിൽ പലയിടങ്ങളിലും കടകൾ അടച്ചുപൂട്ടി പോകേണ്ട ഗതികേടിലാണെന്ന് വ്യാപാരികൾ പറഞ്ഞു. ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൃത്യമായി പണമടച്ചിട്ടും അന്യായമായി ഉപദ്രവിക്കുന്ന സാഹചര്യമാണിപ്പോൾ കോർപറേഷൻ വൈദ്യുതി വിഭാഗം ചെയ്യുന്നതെന്നാണ് ഇവരുടെ ആക്ഷേപം.