കോവിഡിനെതിരായിട്ടുള്ള പോരാട്ടത്തിലാണ് ലോക രാജ്യങ്ങൾ. ഇന്ത്യയിൽ നിന്നുള്ള വാക്സിൻ വിവിധ രാജ്യങ്ങളിൽ എത്തിക്കഴിഞ്ഞു.
കോവിഡിനെ നിയന്ത്രിക്കാന്‍ സാധിച്ച ചുരുങ്ങിയ രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. ഇന്ത്യയില്‍ നിന്നെത്തിച്ച വാക്സിനുപയോഗിച്ച് ഭൂട്ടാനിലെ കോവിഡ് 19 വാക്സിനേഷന് തുടങ്ങിവിശേഷമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇന്ത്യൻ സർക്കാരിനോട് നന്ദി പറഞ്ഞുള്ള ഭൂട്ടാനിലെ ബാലതാരമായ ഖെൻറാബ് യെഡ്സിൻ സിൽഡനയുടെ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുന്നത്.
സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ഖെന്റാബ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് തന്റെ നാടിന്റെ നന്ദിയും കടപ്പാടും ഇന്ത്യയോട് അറിയിക്കുന്നു.
ശുക്രിയ എന്നു പറഞ്ഞാണ് ഖെന്റാബ് തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ ഭൂട്ടാൻ അംബാസഡർ രുചിര കമ്പോജ് ട്വിറ്ററിൽ പങ്കിട്ട വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്.
870 പേര്‍ക്കാണ് ഭൂട്ടാനില്‍ കോവിഡ് ബാധിച്ചത്. ഒരാള്‍ മാത്രമാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ഭൂട്ടാനിലെ എല്ലാ ജില്ലകളിലും ആദ്യ കോവിഡ് ഡോസ് എടുത്തത് കുരങ്ങന്റെ വര്‍ഷത്തില്‍ ജനിച്ച മുപ്പത് വയസായ സ്ത്രീകളാണ്.
ബുദ്ധമത വിശ്വാസം അനുസരിച്ച് 12 മൃഗങ്ങളുടെ പേരിലാണ് ഓരോ വര്‍ഷവും അടയാളപ്പെടുത്തുന്നത്. ആട്, കോഴി, പന്നി, കുരങ്ങന് എന്നിങ്ങനെ 12 മൃഗങ്ങളെയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ബുദ്ധമത വിശ്വാസം അനുസരിച്ച് കുരങ്ങന്റെ വര്‍ഷത്തില്‍ ജനിച്ചവര്‍ പരീക്ഷണം നടത്തുന്നവരും ഏത് ഗുരുതര പ്രശ്നവും പരിഹരിക്കുന്നവരുമാണ്.
മാസ്ക് ധരിച്ച നഴ്സ് നെയ് വിളക്ക് കത്തിച്ച ശേഷം ബുദ്ധമത പ്രാര്‍ത്ഥനകളോടെയാണ് വാക്സിനേഷന് നടത്തിയത്.
നഴ്സും കുരങ്ങന്റെ വര്‍ഷത്തില്‍ ജനിച്ച ആളാണ്. എട്ട് ലക്ഷം ആളുകളുള്ള ഭൂട്ടാന് 150000 ഡോസ് കോവിഡ് വാക്സിനാണ് ലഭിച്ചിട്ടുള്ളത്.