കോട്ടയം: ജൂണ്‍ ഒന്നു മുതൽ വിദ്യാർഥികൾക്കു സ്വകാര്യ ബസുകളിൽ കണ്സഷൻ അനുവദിക്കില്ലെന്ന വാർത്തയുമായി സ്വകാര്യ ബസ് മേഖലയിലെ സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനു ബന്ധമില്ലെന്ന് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.സുരേഷ് അറിയിച്ചു.
സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാര്യ ബസുകളും പ്രതിനിധീകരിക്കുന്ന കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ജില്ലാ ഘടകങ്ങളാണു ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷനുകൾ. കോട്ടയം ജില്ലയിൽ 90 ശതമാനത്തിലധികം സ്വകാര്യബസുകളും ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷനിൽ അംഗത്വമുള്ളവരാണ്.
സ്വകാര്യ ബസ ്ജീവനക്കാരും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടാക്കാൻ മനഃപൂർവമായ ശ്രമമാണു ഇത്തരം വാർത്തകൾക്കു പിന്നിലുള്ളത്. അന്യായമായ വില വർധനവ് ഡീസലിന്റെ പ്രധാന ഉപഭോക്താക്കളായ സ്വകാര്യ ബസ് ഉടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
എന്നാൽ പ്രതിസന്ധി പരിഹരിക്കാനുള്ള പോംവഴി വിദ്യാർഥികളുടെ യാത്രാ സൗജന്യം നിർത്തലാക്കുകയാണെന്നുള്ള അഭിപ്രായമില്ല. പകരം നിയമാനുസൃതമായ മാർഗങ്ങളിലൂടെ ഇന്ധനം ന്യായവിലയ്ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഫെഡറേഷൻ നടത്തുന്നത്.
ഇതിന്റെ ഭാഗമായി 14ന് സംസ്ഥാനത്തെ മുഴുവൻ ബസ് ഉടമകളും സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണയും നടത്തും.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരികയോ നികുതി നിരക്കുകൾ കുറയ്ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. ജൂണ്‍ ഒന്നു മുതൽ വിദ്യാർഥികൾക്ക് സൗജന്യ നിരക്കിൽ യാത്ര ചെയ്യുന്നതിന് ഒരു തടസവുമില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.