ഇറാന്റെ ആണവപദ്ധതികളുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രജ്ഞന് മൊഹ് സി്ന്‍ ഫക്രിസദേയുടെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന നിഗമനത്തിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന ചോദ്യവും ഉയരുകയാണ്.
ഫക്രിസദേയുടെ മരണത്തില്‍ സൗദി അറേബ്യയ്ക്കും പങ്കുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പാശ്ചാത്യമാധ്യമങ്ങള്‍ പുറത്തു വിടുന്നത്.കൃത്യമായ ആസൂത്രണത്തോടെ കൊലയാളി സംഘമാണ് ഫക്രിസാദേയെ വധിച്ചതെന്നാണ് വ്യക്തമാകുന്ന്..
യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്, ഇസ്രയേല്‍ പ്രധാനമന്ത്രി ഇവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയ ശേഷമാണ് ഫക്രിസദേയെ വധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇക്കാര്യം തെറ്റാണെന്നും സൗദി പറയുന്നു.അതേസമയം, ഇസ്രയേലിലെ ചില മന്ത്രിമാരും മാധ്യമങ്ങളും ചര്‍ച്ച നടന്നുവെന്ന് തന്നെയാണ് പറയുന്നത്.
ഇക്കാര്യം ബിബിസി, സിഎന്‍എന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പലസ്തീനികളുമായുള്ള യഹൂദ രാഷ്ട്രത്തിന്റെ പോരാട്ടം പരിഹരിക്കപ്പെടുന്നതുവരെ ഇസ്രയേലുമായി ബന്ധം പുലര്‍ത്തരുതെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള അറബ് ലീഗ് നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് (എംബിഎസ്), യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുമായി സൗദി അറേബ്യയിലെ നിയോമില്‍ നവംബര്‍ 22 ന്, ഞായറാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയതായാണ് ഇസ്രയേല്‍ വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്.
ഇതിന് തെളിവായുള്ള കാര്യങ്ങളും പുറത്തുവരുന്നുണ്ട്. സൗദി വ്യോമപാതയില്‍ ഇസ്രയേല്‍ വിമാനം എത്തിയതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം.
നെതന്യാഹു, മൊസാദ് മേധാവി യോസി കോഹന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയര്‍ ബെന്‍-ശബ്ബത്ത്, നെതന്യാഹുവിന്റെ മിലിട്ടറി സെക്രട്ടറി അവി ബ്ലൂ എന്നിവരാണ് ടെല്‍ അവീവില്‍ നിന്ന് നിയോമിലേക്ക് പോയത്.
ബിസിനസുകാരനായ ഉഡി ഏഞ്ചലിന്റെ സ്വകാര്യ വിമാനമാണ് ഇവര്‍ യാത്രക്കായി ഉപയോഗിച്ചത്. നവംബര്‍ 22 ന് വൈകുന്നേരം 5 മണിക്ക് വിമാനം ഇസ്രയേലില്‍ നിന്ന് പുറപ്പെട്ടു. ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് വിമാനം മടങ്ങിയത്.
വര്‍ഷങ്ങളായി ഇസ്രയേലില്‍ നിന്നുള്ള വിമാനങ്ങളൊന്നും സൗദിയിലേക്ക് സര്‍വീസ് നടത്തുന്നില്ല. സൗദി അറേബ്യയുടെ വ്യോമപാത പോലും ഇസ്രയേല്‍ വിമാനങ്ങള്‍ ഉപയോഗിക്കാറില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിയിടെയാണ് യുഎഇയിലേക്കുള്ള യാത്രക്കിടെ ഇസ്രയേല്‍ വിമാനം സൗദിക്കു മുകളിലൂടെ പറന്നത്.
ഇസ്രയേലിന്റെ ആര്‍മി റേഡിയോയും കാന്‍ റേഡിയോയും പ്രധാനമന്ത്രിയും മൊസാദ് തലവനും ടെല്‍ അവീവില്‍ നിന്ന് രഹസ്യമായി നിയോമിലേക്ക് പറന്നുവെന്ന് അവകാശപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൗദി ആസൂത്രണം ചെയ്ത് വികസിപ്പിച്ചെടുത്ത ഹൈടെക്, ടൂറിസം കേന്ദ്രമാണ് നിയോമിലെ ചെങ്കടല്‍ റിസോര്‍ട്ട്. ഇത് ഈജിപ്തിന്റെയും ജോര്‍ദാന്‍ അതിര്‍ത്തിയുടെയും അടുത്താണ്. ഇസ്രയേലിന്റെ തെക്കേ അറ്റത്ത് നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണിത്.
യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈന്‍, സുഡാന് എന്നിവര്‍ ഇസ്രയേലിനെ അംഗീകരിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ റിപ്പോര്‍ട്ടും പുറത്തുവന്നത്.
ഫ്ളൈറ്റ് റഡാര്‍ 24.കോമിന്റെ ഡേറ്റ അനുസരിച്ച്, നവംബര്‍ 22ന് ഞായറാഴ്ച ഉച്ചയ്ക്ക് ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഗള്ഫ്സ്ട്രീം IV ജെറ്റ് പറന്നുയര്‍ന്ന് സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ ചെങ്കടല്‍ തീരത്തേക്ക് പോകുന്നതിനു മുന്‍പ് ഈജിപ്തിലെ സിനായി പെനിന്‍സുലയുടെ കിഴക്കന്‍ തീരത്ത് തെക്കോട്ട് പറന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ജിഎംടി സമയം 18.30 ന് വിമാനം നിയോമില്‍ ലാന്‍ഡ് ചെയ്ത് 21.50 വരെ അവിടെ തുടര്‍ന്നു. പിന്നീട് അതേ വഴിയിലൂടെ ടെല്‍ അവീവിലേക്ക് മടങ്ങുകയും ചെയ്തു.
പുതിയ വിവരങ്ങള്‍ ഗള്‍ഫ് മേഖലയിലെ സമവാക്യങ്ങളെ ആകെ മാറ്റിയെഴുതുന്നതാണ്. ഫക്രിസദേയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേലിനെ ലക്ഷ്യം വച്ച് ഇറാന് വ്യക്തമാക്കിയതോടെ ഇസ്രയേല്‍ അതീവ ജാഗ്രതയിലാണ്.