യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ പദ്ധതി ആസൂത്രണം ചെയ്തത് മൂന്നു മാസം മുമ്പെന്ന് പോലീസ്. നടിമാരുള്‍പ്പെടെ പല യുവതികളെയും ദുരുപയോഗിച്ച ശേഷം അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിമുഴക്കുന്നത് സുനിയുടെ പതിവായിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചു. സിനിമാ രംഗത്തുള്ള പലരെയും ഇത്തരം ഹണി ട്രാപ്പ് വഴി കുടുക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ഇത്തരം ഹണി് ട്രാപ് ഉപയോഗിച്ച് പ്രമുഖരായ ചിലരെ കുടുക്കാന്‍ പദ്ധതിയിട്ട് ഏതാനും മാസം മുമ്പ് ചില യുവതികളെ ഇയാള്‍ സമീപിച്ചിരുന്നു. ഒരു സുഹൃത്തിനൊപ്പമായിരുന്നു ഇത്. സുഹൃത്തിനെ ചോദ്യം ചെയ്തപ്പോള്‍ ഈ ഹണിട്രാപ് വിജയിച്ചില്ലെന്നാണ് സുനിയും സുഹൃത്തും പറയുന്നത്. ഈ സുഹൃത്തുമായി ചേര്‍ന്ന് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും സുനി ആരംഭിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം തന്റെ കയ്യിലെത്തിയത് 15 ലക്ഷം രൂപയാണെന്നും ഇതില്‍ ഏഴുലക്ഷം രൂപ ആര്‍ഭാടജീവിതത്തിനായി ചെലവഴിച്ചെന്നും ചോദ്യം ചെയ്യലില്‍ സുനി പോലീസിനു മുമ്പില്‍ വെളിപ്പെടുത്തി. വെറുമൊരു ഡ്രൈവറുടെ കൈയ്യില്‍ എങ്ങനെ ഇത്രയും വലിയ തുകയെത്തിയെന്ന ചോദ്യത്തിന് ചില ബിസിനസുകാര്‍ക്ക് അത്യാവശ്യ സമയത്ത് ലക്ഷങ്ങള്‍ പലിശയ്ക്ക് ഏര്‍പ്പാടാക്കി നല്‍കിയതിലൂടെ ലഭിച്ച കമ്മീഷനാണിതെന്നായിരുന്നു സുനിയുടെ മറുപടി. എന്നാല്‍ പോലീസ് ഇതു വിശ്വാസത്തിലെടുത്തിട്ടില്ല.
ബൂട്ടീക് ഉടമയായ യുവതിയെ രണ്ടു വട്ടം ചോദ്യം ചെയ്ത പോലീസിനോട് രണ്ടു വര്‍ഷം മുമ്പ് സുനി 10 ലക്ഷം രൂപ നല്‍കിയിരുന്നതായി യുവതി പറഞ്ഞു. ഇതു പിന്നീട് പലിശ സഹിതം തിരിച്ചുകൊടുത്തുവെന്നും യുവതി പോലീസിനു മൊഴി നല്‍കി. പണം തിരികെ ലഭിച്ചതായി സുനിയും സമ്മതിച്ചു. നേരത്തെ ഇവരുടെയും ഡ്രൈവറായി സുനി ജോലി നോക്കിയിരുന്നു. ആ പരിചയമായിരുന്നു ഈ ഇടപാടിനു പിന്നില്‍. നടിയെ ആക്രമിച്ച ശേഷം താന്‍ ഇവരെ സന്ദര്‍ശിച്ചുവെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇവരുമായി പണമിടപാടു മാത്രമാണുണ്ടായിരുന്നതെന്നും സുനി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നത് മൂന്നു മാസം മുമ്പാണെന്നും കൂട്ടുപ്രതികളില്‍ മാര്‍ട്ടിനു മാത്രമായിരുന്നു ഇതേക്കുറിച്ച് അറിവുണ്ടായിരുന്നതെന്നും സുനി പറഞ്ഞു. നടി അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ മാര്‍ട്ടിനെ ഡ്രൈവറായി തിരുകി കയറ്റിയതുപോലും ഇതിന്റെ ഭാഗമായായിരുന്നുവെന്നും സുനി പോലീസിനു മൊഴി നല്‍കി.