ഒരുപാടുപേരിൽ കണ്ടുവരുന്ന ഗൗരവമുള്ള ഒരു ആരോഗ്യ പ്രശ്നമാണു മലബന്ധം (constipation). വളരെയധികം പേരിൽ ദഹനേന്ദ്രിയ വ്യൂഹത്തിലുണ്ടാക്കുന്ന വല്ലാത്ത ഒരു അസ്വസ്ഥതയാണ് ഇത്.
മലബന്ധം അനുഭവിക്കുന്നവരിൽ ദിവസവും മലശോധന ഉണ്ടാവുകയില്ല. അഥവാ ശോധന ഉണ്ടെങ്കിൽത്തന്നെ അതു തൃപ്തികരമായ അവസ്ഥയിൽ ആയിരിക്കുകയും ഇല്ല. പല രോഗങ്ങളുടെയും ഒരു കാരണം മലബന്ധം ആയിരിക്കും.
മലബന്ധത്തിന്റെ ഫലമായി ആരോഗ്യത്തിന് നല്ലതല്ലാത്ത ചില പ്രവർത്തനങ്ങൾ ശരീരത്തിൽ സംഭവിക്കുകയും അതിന്റെ ഫലമായി ശരീരത്തിന്റെ സഹജമായ രോഗപ്രതിരോധ ശേഷി നശിക്കുകയും ചെയ്യുന്നതാണ്.
അപ്പെൻഡിസൈറ്റിസ്, വാതരോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, കാൻസർ എന്നിവ ഇങ്ങനെ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ…
മലം പുറത്തുപോകുന്നതിന് ഏറെ പ്രയാസപ്പെടുന്നതാണ് മലബന്ധം മൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നം. മലം കട്ടിയാകുന്നതായിരിക്കും പലപ്പോഴും അതിന് കാരണമാകാറുള്ളത്.
അതിന്റെ ഫലമായിട്ടാണ് പലരിലും മലദ്വാരത്തിൽ കഠിനമായ വേദനയുണ്ടാകുന്നതും മലത്തോടൊപ്പം രക്തം പോകുന്നതും. ചിലരിലെങ്കിലും ചിലപ്പോൾ മലബന്ധത്തിന്റെ ഭാഗമായി വയറുകടി ഉണ്ടാകാറുണ്ട്.
വയറുകടി ഉണ്ടാകുമ്പോൾ അതോടൊപ്പം അടിവയറ്റിൽ വേദനയും വായുക്ഷോഭവും കൂടി ഉണ്ടായെന്നു വരാം. നാരുകൾ അടങ്ങിയ ആഹാരം കഴിക്കാതിരിക്കുന്നതും ആവശ്യമായ അളവിൽ വെള്ളം കുടിക്കാത്തതും ആയിരിക്കും പലരിലും മലബന്ധത്തിന് കാരണമാകാറുള്ളത്.
ഒരു ദിവസം എത്ര പ്രാവശ്യം
ഒരു ദിവസം എത്ര പ്രാവശ്യം മലശോധന ഉണ്ടാകണം എന്നുള്ളതിനെക്കുറിച്ച് ആർക്കും കൃത്യമായ ഒരു രൂപം ഉണ്ടായിരിക്കുകയില്ല. അതിനുള്ള ശരിയായ ഉത്തരം, അത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും എന്നാണ്.
കുറേ പേരിൽ ഒരു ദിവസം ഒരു പ്രാവശ്യമേ മലശോധന ഉണ്ടാവുകയുള്ളൂ. ചിലരിൽ അത് രണ്ടോ അതിൽ അധികമോ പ്രാവശ്യംഉണ്ടാകുന്നതാണ്.
കുറച്ചു പേരിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായിരിക്കും ഉണ്ടാകുന്നത്. കാര്യങ്ങൾ ഇങ്ങനെയെല്ലാമാണെങ്കിലും നല്ല ആരോഗ്യത്തിനും സ്വസ്ഥതയ്ക്കും ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും മലശോധന ഉണ്ടാകുന്നതാണു നല്ലത്.
ലക്ഷണങ്ങൾ ഇതൊക്കെ...
മലശോധന കൃത്യമായി ഉണ്ടാകാതിരിക്കുക, മലശോധനയുടെ സമയത്ത് മലം മുഴുവൻ പോകാതിരിക്കുക, ദിവസവും കക്കൂസിൽ പോകുന്ന സ്വഭാവം ഇല്ലാതിരിക്കുക, മലശോധനയുടെ സമയത്ത് അസ്വസ്ഥത അനുഭവിക്കുക, മലം വല്ലാതെ ഉറച്ചിരിക്കുക എന്നിവയാണ് പൊതുവെ മലബന്ധത്തിന്റെ ഭാഗമായി പറയാറുള്ള ലക്ഷണങ്ങൾ.
അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ
നാവിൽ വെളുത്ത ഒരു ആവരണം കാണുക, ഉച്ഛ്വാസ വായുവിന് ദുർഗന്ധം, വിശപ്പ് കുറയുക, തലവേദന, തലയ്ക്ക് ഭാരം, കണ്ണിനു താഴെ കറുപ്പ്, വിഷാദഭാവം, മനംപുരട്ടൽ, മുഖക്കുരു, വായിൽ കുരുക്കൾ ഉണ്ടാകുക, വയറ് നിറഞ്ഞിരിക്കുന്നതുപോലെ തോന്നുക, ഇടയ്ക്കിടെ വയറിളക്കം ഉണ്ടാകുക, വേരിക്കോസ് വെയിൻ, നടുവേദന, പുളിച്ചുതികട്ടൽ, നെഞ്ചെരിച്ചിൽ എന്നിവയും ഉറക്കമില്ലായ്മയുമെല്ലാം മലബന്ധത്തിന്റെ അനുബന്ധ ആരോഗ്യപ്രശ്നങ്ങളാണ്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393