വൻകുടലിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളുടെ ഭാഗമായി പലരിലും മലബന്ധവും വയറിളക്കവും മാറിമാറി കാണാറുണ്ട്. അർശസ് വേറെ ഒരു പ്രശ്നമാണ്. ഈ പ്രശ്നങ്ങൾ വളരെ ലളിതമായി ചികിത്സിച്ചു സുഖപ്പെടുത്താൻ കഴിയുന്നവയാണ്, പ്രതിരോധിക്കുവാനും.
ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത് പ്രായം കൂടിയവരിലാണ്. ഈ പ്രശ്നങ്ങൾക്കു ചികിത്സ ചെയ്യാനായി കൂടുതൽ പേരും ഡോക്ടർമാരെ കാണാൻ പോകാറില്ല. മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണ് ചെയ്യുന്നത്.
സത്യം പറഞ്ഞാൽ ഇതിന് മരുന്നുകൾ കഴിക്കേണ്ട ആവശ്യം ഇല്ല. ആഹാരത്തിലും ശീലങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതിയാകും.
രക്തം പോകുന്നത്…
മലബന്ധവും മലത്തോടൊപ്പം രക്തം കാണുന്നതിനും ഒരു പ്രധാന കാരണം ആഹാരത്തിൽ നാരുകൾ കുറയുന്നതാണ്. നാരുകൾ ഇല്ലാത്ത ആഹാരം കഴിക്കുന്നത് മലത്തിന്റെ അളവ് കുറയാൻ കാരണമാകും. മലവിസർജനത്തിന് പ്രയാസം അനുഭവപ്പെടുകയും ചെയ്യും.
മലം പുറത്തു പോകുന്നതിനു വേണ്ടി വയറിലെ പേശികൾ അമർത്തിയും മറ്റും സമ്മർദം പ്രയോഗിക്കുകയാണെങ്കിൽ വൻകുടലിലും മറ്റും ചില പ്രശ്നങ്ങൾ ഉണ്ടാകും. വേറൊരു പ്രശ്നം വൻകുടലിലും മലദ്വാരത്തിലും ഉണ്ടാകുന്ന അണുബാധയാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങളിലും രക്തം പോകാൻ സാധ്യത ഉണ്ടാകുന്നതാണ്.
റെഡിമെയ്ഡ് ആഹാരത്തിൽ…
ഇപ്പോൾ റെഡിമെയ്ഡ് ആഹാരങ്ങൾ കഴിക്കുന്നത് പലരുടെയും സ്വഭാവമായിരിക്കുന്നു. ഈ ആഹാരങ്ങളിലും നാരുകൾ തീരെ കുറവായിരിക്കും. അതു കാരണമായും മലത്തിന്റെ അളവ് കുറയും. അപ്പോൾ മലത്തെ പുറന്തള്ളുന്നതിന് സമ്മർദം പ്രയോഗിക്കേണ്ടി വരുന്നു.
അതു പ്രശ്നങ്ങൾക്ക് കാരണമായിത്തീരും. മറിച്ച്, ആഹാരത്തിൽ നാരുകൾ ധാരാളം ഉണ്ടാവുകയാണെങ്കിൽ, അതായത് പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾക്കൊള്ളിക്കുകയാണെങ്കിൽ ആകെയുള്ള ആഹാരത്തിന്റെ അളവ് കൂടുതൽ ആകുന്നു.
നാര് ദഹിക്കാത്തതിനാൽ പുറത്തു കളയാനായി വൻകുടലിൽ ശേഖരിച്ചു വയ്ക്കുന്നു. ആഹാരത്തിലെ അവശിഷ്ടങ്ങൾ അങ്ങനെ അവിടെ തിങ്ങി നിറയുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന സമ്മർദത്തിന്റെ ഫലമായി മലം അനായാസം പുറത്തുപോകുകയും ചെയ്യുന്നു.
സമ്മർദം നന്നല്ല
ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവയാണ് ആഹാരത്തിൽ കൂടുതൽ ഉണ്ടാകേണ്ടത്. കൂടാതെ ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം.
ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും മലശോധന ഉണ്ടാകണം എന്ന ചിന്തയിൽ പലരും ശുചിമുറിയിൽ ഇരുന്ന് വൻകുടലിൽ കുറേ സമ്മർദം ചെലുത്താറുണ്ട്. അത് ഒരു നല്ല ശീലമാണ് എന്ന് പറയാൻ കഴിയില്ല.
ആഴ്ചയിൽ 5 – 7 പ്രാവശ്യം എന്ന കണക്കിൽ പുരുഷന്മാർക്കും 3 -5 എന്ന കണക്കിൽ സ്ത്രീകൾക്കും മലശോധന ഉണ്ടായാൽ മതിയാകും.
ശുചിമുറിയിൽ ഇരുന്ന് വയറിലെ പേശികളിൽ സമ്മർദം പ്രയോഗിക്കുന്ന സ്വഭാവം മാറ്റിയാൽ തന്നെ വൻകുടലിൽ
ഉണ്ടാകാൻ സാധ്യതയുള്ള രക്തസ്രാവവും മറ്റ് പല പ്രശ്നങ്ങളും പ്രതിരോധിക്കാൻ കഴിയും.
മലബന്ധം ഉണ്ടാകാതിരിക്കാൻ കൂടുതൽ നാരുകൾ അടങ്ങുന്ന ആഹാരം കഴിക്കുക എന്നുള്ളതാണ് പ്രധാന ചികിത്സ.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393