തൊടുപുഴ: ഓണക്കാലത്ത് സാധാരണക്കാർക്ക് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഒരുക്കിയ വിപണികളിൽനിന്നു മെച്ചപ്പെട്ട വരുമാനം. സപ്ലൈക്കോ, കണ്‍സ്യൂമർഫെഡ്, കുടുംബശ്രീ ഓണച്ചന്തകളിലൂടെയാണ് ഇത്തവണ മെച്ചപ്പെട്ട വരുമാനം നേടാനായത്. കോടികളുടെ വരുമാനമാണ് ഓണച്ചന്തകളിലൂടെ ലഭ്യമായത്. സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ ജില്ലാഫെയർ സംഘടിപ്പിച്ചിരുന്നു.
ഇതിനു പുറമേ താലൂക്ക് ഫെയറുകളും നടത്തി. ഇതിലൂടെ ആകെ 1.21 കോടിയാണ് വരുമാനമുണ്ടായത്. തൊടുപുഴ, നെടുങ്കണ്ടം, മൂന്നാർ ഡിപ്പോകൾക്ക് കീഴിലെ താലൂക്ക് ഫെയറുകളുടെയും ജില്ലാ ഫെയറിന്റെയും ചേർത്തുള്ള വരുമാനമാണിത്.
ജില്ലാ ഫെയറിൽ മാത്രം നടന്ന വിൽപ്പനയിലൂടെ 7,92,315 രൂപയാണ് ലഭിച്ചത്.
കഴിഞ്ഞ ആറിനാണ് ഓണച്ചന്തകൾ തുടങ്ങിയത്. ഉത്രാടനാളായ 14ന് അവസാനിച്ചു. സബ്സിഡി, നോണ്‍ സബ്സിഡി സാധനങ്ങളും ഹോർട്ടികോർപ്, കുടുംബശ്രീ, മിൽമ ഉത്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടായിരുന്നു. പകൽ രണ്ടു മുതൽ നാലു വരെയുള്ള സമയത്ത് വാങ്ങിയാൽ 45 ശതമാനംവരെ അധിക ഡിസ്കൗണ്ടും അനുവദിച്ചിരുന്നു. സബ്സിഡിയിതര സാധനങ്ങൾക്ക് അഞ്ചുമുതൽ 50 ശതമാനം വരെ വിലക്കുറവുമുണ്ടായിരുന്നു.
കണ്‍സ്യൂമർഫെഡ് ഓണച്ചന്തകൾ ഏഴിന് ആരംഭിച്ച് 14 വരെയാണ് പ്രവർത്തിച്ചത്. ഏഴ് ത്രിവേണി സ്റ്റോറുകളിലും 63 സഹകരണ സംഘങ്ങളിലുമാണ് ചന്തകൾ നടത്തിയത്. ഇതിലൂടെ 2.77 കോടിയാണ് വരുമാനം ലഭിച്ചത്. നെടുങ്കണ്ടം സഹകരണ ബാങ്കിലായിരുന്നു ജില്ലാമേള. എല്ലാ നിത്യോപയോഗ സാധനങ്ങളും സബ്സിഡി നിരക്കിലും മറ്റുള്ളവ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും ലഭ്യമാക്കി.
സപ്ലൈക്കോയിലും കണ്‍സ്യൂമർഫെഡിലും സബ്സിഡി നിരക്കിൽ 13ഇനങ്ങൾ നൽകി. ജയ അരി, കുറുവ അരി, കുത്തരി എന്നിവ ചേർത്ത് എട്ട് കിലോയും പച്ചരി രണ്ടുകിലോയും പഞ്ചസാര, ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ, തുവര പരിപ്പ്(ഒരു കിലോ വീതം), മുളക്, മല്ലി (അര കിലോവീതം), വെളിച്ചെണ്ണ – 500 മില്ലി ലിറ്റർ എന്നിവയാണ് ഒരുകാർഡിന് നൽകിയത്.
കട്ടപ്പനയിലാണ് കുടുംബശ്രീ ജില്ലാഫെയർ പ്രവർത്തിച്ചത്. 11 മുതൽ 14 വരെയായിരുന്നു പ്രവർത്തനം. ജില്ലാ ഫെയറിലൂടെ 48.02 ലക്ഷമാണ് വരുമാനം ലഭിച്ചത്. ജില്ലയിൽ 55 സിഡിഎസുകളിലായി 110 ഓണച്ചന്തകൾ നടത്തി. ഇതിന് പുറമേയായിരുന്നു ജില്ലാ ഫെയർ.
അച്ചാറുകൾ, പലഹാരങ്ങൾ, കറി പൗഡറുകൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി കുടുംബശ്രീയുടെ നേതൃത്വത്തിൽ തയാറാക്കുന്ന ഉത്പന്നങ്ങളെല്ലാം ഇവിടെ ലഭ്യമായിരുന്നു. ഫ്രഷ് ബൈറ്റ്സ് എന്ന പേരിൽ വിൽപ്പനയ്ക്കെത്തിച്ച ചിപ്സിനും ശർക്കര വരട്ടിയ്ക്കും ആവശ്യക്കാരേറെയായിരുന്നു.