എടിഎമ്മില്‍ തൊട്ടതുകൊണ്ട് കോവിഡ് പടരുമോയെന്ന ഭയം ഇനിവേണ്ട ! കോണ്ടാക്ട്‌ലെസ് എടിഎമ്മുകള്‍’ വരുന്നു! എടിഎമ്മില്‍ തൊടാതെ തന്നെ പണം പിന്‍വലിക്കാവുന്ന പുതിയ ‘സെറ്റപ്പ്’ ഇങ്ങനെ…

എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിക്കുമ്പോള്‍ എങ്ങാനും കോവിഡ് പിടിപെട്ടേക്കുമോയെന്ന സംശയം മൂലം പലരും എടിഎമ്മില്‍ പോകുന്ന പരിപാടി തന്നെ ഒഴിവാക്കിയിരിക്കുകയാണ്.

എടിഎമ്മില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ടു മാത്രം കോവിഡ് ഭീതി ഒഴിയില്ലെന്നത് സുവ്യക്തമാണ്.

ഇടപാട് നടത്തുന്നതിന് എടിഎം മെഷീനില്‍ തൊടേണ്ടി വരുന്നത് പലര്‍ക്കും മാനസിക പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് ബാങ്കുകള്‍.

എടിഎമ്മില്‍ സ്പര്‍ശിക്കാതെ തന്നെ ഇടപാട് നടത്താന്‍ കഴിയുന്ന കോണ്‍ടാക്ട് ലെസ് എടിഎമ്മുകള്‍ വിന്യസിക്കാനാണ് ബാങ്കുകള്‍ തയ്യാറെടുക്കുന്നത്.

ഇതിന്റെ ഭാഗമായി പ്രോട്ടോടൈപ്പ് എജിഎസ് ട്രാന്‍സാക്ട് ടെക്നോളജീസ് വികസിപ്പിച്ചു. ബാങ്കിന്റെ മൊബൈല്‍ ആപ്പ് വഴി ഇടപാട് നടത്താന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് കമ്പനി വികസിപ്പിച്ചത്. ക്യൂആര്‍ കോഡ് സ്‌കാനിംഗിലൂടെ പണം പിന്‍വലിക്കാന്‍ കഴിയുന്ന സംവിധാനത്തിനാണ് രൂപം നല്‍കിയത്.

നിലവില്‍ എടിഎമ്മില്‍ പോയാല്‍ നിരവധി തവണ എടിഎമ്മില്‍ സ്പര്‍ശിക്കേണ്ടി വരും. ഇടപാടിന് ശേഷം ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഇതനുസരിച്ച് എടിഎമ്മുകളില്‍ ബാങ്കുകള്‍ സാനിറ്റൈസര്‍ എടിഎമ്മുകളില്‍ വച്ചിട്ടുമുണ്ട്.

പുതിയ സാങ്കേതിക വിദ്യ അനുസരിച്ച് ബാങ്കിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഇടപാട് നടത്താം. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം മൊബൈലില്‍ പിന്‍ നമ്പറും പണം പിന്‍വലിക്കേണ്ട തുകയും രേഖപ്പെടുത്തിയാല്‍, ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് എജിഎസ് ട്രാന്‍സാക്ട് അവകാശപ്പെടുന്നു.

നിലവില്‍ വിവിധ ബാങ്കുകളുടെ 70000 എടിഎമ്മുകള്‍ എജിഎസ് കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടെ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാനാണ് കമ്പനി പരിപാടിയിടുന്നത്.

ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വിവിധ ബാങ്കുകളുമായി കമ്പനി ചര്‍ച്ച ചെയ്തുവരികയാണ്.

ഈ രീതിയില്‍ ഇടപാട് നടത്തിയാല്‍ ബാങ്ക് തട്ടിപ്പുകള്‍ക്കുളള സാധ്യതയും കുറയ്ക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. എന്തായാലും ഈ സാങ്കേതിക വിദ്യയെ പ്രതീക്ഷിച്ചിരിക്കുകയാണ് ആളുകള്‍.

Related posts

Leave a Comment