വൈപ്പിൻ: വല്ലാർപാടത്ത് രണ്ടാമത്തെ ഗോശ്രീപാലത്തിനു വടക്ക് ഭാഗത്ത് കണ്ടെയ്നർ ലോറികളുടെ പാർക്കിംഗിനായി നികത്തിയെടുത്ത സ്ഥലം കണ്ടെയ്നർ ഡംന്പിംഗ് യാർഡിനായി സ്വകാര്യ വ്യക്തിക്ക് ലീസിനു കൊടുക്കാൻ പോർട്ട് ട്രസ്റ്റ് വീണ്ടും നീക്കമാരംഭിച്ചു.
അഞ്ചുമാസങ്ങൾക്ക് മുന്പ് ഇതിനുള്ള നടപടികൾ ആരംഭിച്ചപ്പോൾ വ്യാപകമായ എതിർപ്പ് ഉയർന്നതിനെ തുടർന്ന് നിർത്തിവച്ചതായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വീണ്ടും പഴയപടി കണ്ടെയ്നർ പാർക്കിംഗ് യാർഡ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് പോർട്ട് ട്രസ്റ്റെന്ന് കണ്ടെയ്നർ ലോറി തൊഴിലാളികൾ ആരോപിക്കുന്നു. പാർക്കിംഗിനു ലഭിക്കുന്നതിനേക്കൾ കൂടുതൽ വരുമാനം പ്രതീക്ഷിച്ചാണിത്.
കണ്ടെയ്നറുകൾ റോഡുവക്കിൽ പാർക്ക് ചെയ്യുന്നത് മൂലം വല്ലാർപാടം മേഖലയിൽ അപകടമരണങ്ങൾ തുടർക്കഥയായപ്പോൾ കോടതി ഇടപെടലിനെതുടർന്ന് ജില്ലാഭരണകൂടമാണ് കണ്ടെയ്നർ ലോറികൾക്ക് പാർക്കിംഗ് സൗകര്യം ഉണ്ടാക്കാമെന്ന് ഉറപ്പ് നൽകിയത്.
ഇതനുസരിച്ച് വല്ലാർപാടത്ത് ഗോശ്രീ മൂന്നാം പാലം കയറുന്നതിനു മുന്പായി വടക്ക് ഭാഗത്തുള്ള പെട്രോൾ പന്പിനോട് ചേർന്നും രണ്ടാം പാലത്തിനു വടക്ക് ഭാഗത്തും പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചു. രണ്ടാം പാലത്തിനു വടക്ക് റെയിൽവേ പാലത്തിനു പടിഞ്ഞാറു വശത്തായി എംപിഇഡിഎ യുടെ കൈവശമിരുന്ന തണ്ണീർത്തടം നികത്തിയാണ് സ്ഥലം ഒരുക്കിയത്.
തുടർന്ന് ഇവിടെ സൈറ്റ് ഫോർ കണ്ടെയ്നർ ട്രക്ക് പാർക്കിംഗ് എന്ന് ബോർഡും സ്ഥാപിച്ചു. കുറച്ച് നാൾമുന്പ് വല്ലാർപാടം റോഡിൽ നിന്നും അങ്ങോട്ടേക്ക് പുതിയ റോഡും നിർമ്മിച്ചു. ഇതിനിടയിലാണ് കണ്ടെയ്നർ പാർക്കിംഗ് യാർഡ് ഡന്പിംഗ് യാർഡ് ആക്കാൻ പോർട്ട് നീക്കം തുടങ്ങിയത്. ഇത് കണ്ടെയ്നർ ഉടമകളുടെയും തൊഴിലാളികളികളുടെയും ഇടയിൽ വ്യാപമകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
റോഡ് വക്കിൽ പാർക്ക് ചെയ്യുന്നത് മൂലം അപകടങ്ങൾ ഉണ്ടാകുന്നു എന്ന് മാത്രമല്ല ലോറികളിൽ നിന്നും രാത്രികാലങ്ങളിൽ ബാറ്ററി, ടയർ തുടങ്ങിയ സാധനങ്ങൾ മോഷണം പോകുന്നെന്നും തൊഴിലാളികൾ പറയുന്നു. ഗോശ്രീ സമാന്തര പാലങ്ങളും റോഡും പൂർണമായും തുറന്ന് കൊടുക്കുന്നതോടെ ഇപ്പോൾ പാലത്തിലും റോഡ് വക്കിലും കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്യുന്നത് തടയും.
അപ്പോൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ വരും. മാത്രമല്ല തണ്ണീർത്തടം നികത്തിയ സ്ഥലത്ത് കണ്ടെയ്നർ ഡംന്പിംഗ് യാർഡ് സ്ഥാപിച്ചാൽ ഇത് റെയിൽവേ ലൈനിനടുത്താകയാൽ അപകടങ്ങൾ ഉണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.