വൈപ്പിൻ: കണ്ടെയ്നർ ലോറികൾക്ക് പാർക്കിംഗിനായി മതിയായ സൗകര്യം ഏർപ്പെടുത്താനാകാതെ പാർക്കിംഗിനു കണ്ടെത്തിയ സ്ഥലം കണ്ടെയ്നർ ഡന്പിംഗ് യാർഡ് ആക്കി മാറ്റിയ പോർട്ട് ട്രസ്റ്റിനെതിരേ സ്വമേധയ കേസെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇന്നലെ കണ്ടെയ്നർ റോഡിനരുകിൽ പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ലോറിയിൽ ബൈക്ക് ഇടിച്ച് മാതാപിതാക്കൾക്കൊപ്പം സഞ്ചരിച്ചിരുന്ന ഏഴു വയസുകാരൻ മരണപ്പെട്ട സാഹചര്യത്തിലാണ് നാട്ടുകാർ രംഗത്തു വന്നിട്ടുള്ളത്.
പാർക്ക് ചെയ്യാൻ മതിയായ സ്ഥലമില്ലാത്തതിനാൽ കണ്ടെയ്നർ ലോറികൾ അനധികൃതമായി കണ്ടെയ്നർ റോഡിൽ തന്നെ പാർക്ക് ചെയ്യുന്നത് മൂലമാണ് അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നത്. നേരത്തെ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മതിയായ പാർക്കിംഗ് സൗകര്യം ഉണ്ടാക്കണമെന്ന് ജില്ലാ ഭരണകൂടം പോർട്ട് ട്രസ്റ്റിനു നിർദ്ദേശം നൽകിയിരുന്നതാണ്.
ഇതനുസരിച്ച് വല്ലാർപാടത്ത് മൂന്നാം പാലം കയറുന്നതിനു മുന്പായി വടക്ക് ഭാഗത്തു പെട്രോൾ പന്പിനോട് ചേർന്നും രണ്ടാം പാലത്തിനു തെക്ക് തണ്ണീർതടം നികത്തിയ എംപിഇഡിഎയുടെ സ്ഥലത്തും പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താൻ തീരുമാനമെടുത്തിരുന്നു. ഇതിൽ പെട്രോൾ പന്പിനടുത്തുള്ള പാർക്കിംഗ് യാർഡ് ഏതാണ്ട് ഒരു വിധം പണികൾ തീർത്ത് കുറച്ച് കണ്ടെയ്നറുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയെങ്കിലും രണ്ടാം പാലത്തിനടുത്ത് എംപിഇഡിഎയുടെ ഭൂമിയിലെ പാർക്കിംഗ് കേന്ദ്രം പോർട്ട് അട്ടിമറിച്ചു.
തണ്ണീർതടം നികത്തി ഒരുക്കിയെടുത്ത സ്ഥലം പാർക്കിംഗ് കേന്ദ്രമാക്കുന്നതിനു പകരം. പോർട്ട് ട്രസ്റ്റ് കണ്ടെയ്നർ ഡംന്പിംഗ് യാർഡ് ആക്കി മാറ്റുകയാണ് ചെയ്തത്. എംപിഇഡിഎയുടെ കൈവശമിരുന്ന ഈ തണ്ണീർത്തടം കഴിഞ്ഞ വർഷമാണ് പോർട്ട് നികത്തിയത്. തുടർന്ന് ഇവിടെ സൈറ്റ് ഫോർ കണ്ടെയ്നർ ട്രക്ക് പാർക്കിംഗ് എന്ന് ബോർഡും സ്ഥാപിച്ചിരുന്നതാണ്. ഈ അടുത്ത് അങ്ങോട്ടേക്കു പുതിയ റോഡും നിർമ്മിച്ചു.
പിന്നീടാണ് ഈ പാർക്കിംഗ് ബോർഡ് മാറ്റി പകരം ഡന്പിംഗ് യാർഡിന്റെ ബോർഡ് സ്ഥാപിച്ച് കണ്ടെയ്നറുകൾ ഇറക്കാൻ ഈ സ്ഥലം സ്വകാര്യ കന്പനിക്ക് ലീസിനു നൽകിയത്. ഇതിനെതിരേ ലോറി ഉടമകളിൽ ചിലർ രംഗത്ത് വന്നെങ്കിലും അധികൃതർ വഴങ്ങിയില്ല. ഹൈക്കോടതി ഇടപെട്ടിട്ടുപോലും വഴങ്ങാത്ത പോർട്ട് ട്രസ്റ്റിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.
മാത്രമല്ല ഓരോ അപകടങ്ങൾ ഉണ്ടാകുന്പോഴും ജനപ്രതിനിധികളും മറ്റും മുതലക്കണ്ണീരൊഴുക്കി ജനത്തിന്റെ കണ്ണിൽ പൊടിയിട്ട് മുങ്ങുകയല്ലാതെ പരിഹാരത്തിനു മുതിരുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.