തലയോലപ്പറന്പ്: കണ്ടെയ്നർ ലോറി മറിഞ്ഞു വീട് തകർന്ന പട്ടികജാതി കുടുംബത്തിന് ഒടുവിൽ നീതി ലഭിക്കാൻ വഴിയൊരുങ്ങുന്നു.
മൂന്നു മാസങ്ങൾക്ക് മുന്പാണ് തലയോലപ്പറന്പ് -എറണാകുളം റോഡിൽ വടകര ഉദയാപറന്പത്ത് ക്ഷേത്രത്തിനു സമീപം നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറി മുന്നോട്ടുരുണ്ട് 25 അടി താഴ്ചയിലുള്ള കൊല്ലാട്ട് വേണുവിന്റെ വീടിനു മുകളിലേക്ക് പതിച്ചത്. വേണു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരമായി 4,70,000 രൂപ വാഹന ഉടമയിൽ നിന്നും ഈടാക്കുന്നതിനു ജില്ലാ കളക്ടർ പാലാ ആർഡിഒയെ ചുമതലപ്പെടുത്തിയെങ്കിലും തുക നൽകാൻ വാഹന ഉടമ തയാറായില്ല.
പിന്നീട് വസ്തുതകളും സംഭവങ്ങളും മറച്ചുവെച്ച് വാഹന ഉടമ കോടതിയെ സമീപിച്ച് കണ്ടെയ്നർ തിരികെ കൊണ്ടുപോകുന്നതിനുള്ള ഉത്തരവ് നേടി. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്നർ കൊണ്ടുപോകുന്നതിന് ഇവർ വെള്ളിയാഴ്ച എത്തിയെങ്കിലും വണ്ടിയുടെ നന്പറും ഉത്തരവിലെ വണ്ടി നന്പറും തമ്മിൽ വ്യത്യാസമുള്ളതിനാൽ തിരികെ പോയി.
ഇന്നലെ വീണ്ടും കണ്ടെയ്നർ കൊണ്ടുപോകുന്നതിന് പോലീസ് സന്നാഹങ്ങളോടെ കണ്ടെയ്നർ ഉടമകൾ എത്തിയപ്പോൾ സിപിഐ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നാട്ടുകാരും അണിനിരന്നതോടെ സംഘർഷസാധ്യത ഉടലെടുത്തു.
നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമാകാതെ ഒരു കാരണവശാലും കണ്ടെയ്നർ നീക്കാൻ അനുവദിക്കില്ലെന്ന് സിപിഐ പ്രവർത്തകർ നിലപാടെടുത്തോടെ കണ്ടെയ്നർ ഉടമയുടെ നീക്കം പാളി. തുടർന്ന് ഉച്ചയോടെ പാലാ ആർഡിഒ അനിൽ ഉമ്മൻ സ്ഥലത്തെത്തി വീട്ടുടമയും ജനപ്രതിനിധികളുമായി ചർച്ച നടത്തി പ്രശ്നപരിഹാരം നിർദേശിക്കുകയായിരുന്നു.
ചർച്ചയുടെ അടിസ്ഥാനത്തിൽ, കണ്ടെയ്നർ വീണു തകർന്ന വീട്ടിൽ താമസിക്കുന്ന വേണുവിനെയും കുടുംബത്തെയും സമീപത്തെ മറ്റൊരു വാടകവീട്ടിലേക്കു മാറ്റി താമസിപ്പിക്കും. ഇതിന്റെ ചെലവ് സർക്കാർ വഹിക്കും.
ഇവിടെ കിടക്കുന്ന കണ്ടെയ്നർ പോലീസിന്റെ മേൽനോട്ടത്തിൽ മറ്റൊരു സ്ഥലത്തേക്കു മാറ്റും. തകർന്ന വീട് പുനർനിർമിക്കുന്നതിന് പരിശോധന നടത്തി നഷ്ടപരിഹാരം അനുവദിക്കാൻ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ആർഡിഒ പറഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.
സിപിഐ നേതാക്കളായ ടി.എൻ. രമേശൻ, പി.സുഗതൻ, എം.ഡി. ബാബുരാജ്, കെ. അജിത്ത്, കെ.ഡി. വിശ്വനാഥൻ, അഡീഷണൽ തഹസിൽദാർ ആർ. രാമചന്ദ്രൻ, വില്ലേജ് ഓഫീസർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വൈക്കം ഡിവൈഎസ്പി കെ. സുഭാഷ്, സിഐ എസ്. ബിനു എന്നിവരുടെ നേതൃത്വത്തിൽ വൻപോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.