ആന്പല്ലൂർ: ദേശീയപാതയോരത്ത് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് നിയന്ത്രണവിട്ട കണ്ടെയ്നർ ലോറി പാഞ്ഞുകയറി. 15 പേർക്ക് പരിക്കേറ്റു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ 7.45ഓടെയാണ് അപകടം. ചാലക്കുടി ഭാഗത്തേയ്ക്ക് പോയിരുന്ന കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് ദേശീയപാത ഡിവൈഡറിൽ ബസ് കാത്ത് നിന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.ലോറി വരുന്നതുകണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് യാത്രകാർക്ക് പരിക്കേറ്റത്.പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്.
ചാലക്കുടി സേക്രട്ട് ഹാർട്ട് കോളജിലെ വിദ്യാർഥികളായ എട്ട് പേർക്കും കൊടകര ശാന്തി നഴ്സിംഗ് കോളജിലെ അഞ്ചു വിദ്യാർഥികൾ ക്കും മറ്റു രണ്ടു യാത്രികർക്കുമാണ് പരിക്ക്. നിമിഷ (21), ഡോ.അതുല്യ (23), സാന്ദ്ര (18), ജിഷ്മോൾ (18), ശിശിര (18), നവമി (19), വർഷ (18), ലിഷ (19), സംഗീത (21), ആതിര (19), അഖില (19), ക്രിസ്മി (18), അമൃത (18), ആതിര (18), രേഷ്മ (18) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു സ്ത്രീകളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വാഹനം നിയന്ത്രണം വിട്ട സമയത്ത് ബസ് സ്റ്റോപ്പിലും ഡിവൈഡറിലുമായി നൂറിലേറെ യാത്രക്കാർ ബസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. കണ്ടെയ്നർ വരുന്നത് കണ്ടാണ് യാത്രക്കാർ നിലവിളിച്ച് ഓടി രക്ഷപ്പെട്ടത്.
ലോറിയുടെ കണ്ടെയ്നർ ഭാഗം ചില യാത്രക്കാരുടെ ദേഹത്ത് തട്ടിയിരുന്നു. അപകട സമയം ആന്പല്ലൂർ സെന്ററിലെ സിഗ്നൽ പ്രവർത്തിച്ചിരുന്നില്ല. ഈ സമയം ലോറിയുടെ മുന്പിൽ പോയിരുന്ന കാർ ബ്രേക്കിട്ടതാണ് ലോറി നിയന്ത്രണം വിടാൻ കാരണം. വേഗത കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. തൃശൂരിൽ നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്നു ലോറി. പുതുക്കാട് പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.