കൊച്ചി: എറണാകുളം കണ്ടെയ്നർ റോഡിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവക്കാൻ കളക്ടറുടെ നിർദേശം. ഇതേതുടർന്ന് ഇന്നലെ മുതൽ ടോൾ പിരിവ് നിർത്തിവച്ചു. കളക്ടറേറ്റിൽ സമര സമിതി ഭാരവാഹികളും ദേശീയപാത അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള ടോൾ പിരിവ് താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്.
ഇതനുസരിച്ച് ഇന്നലെ മുതൽ ഈ മാസം 12 ന് രാവിലെ എട്ടു വരെയാണ് 20 അടി മുതൽ 40 അടി വരെയുള്ള കണ്ടെയ്നറുകളെ ടോളിൽ നിന്ന് ഒഴിവാക്കിയത്. ഈ സാഹചര്യത്തിൽ കണ്ടെയ്നർ ട്രക്ക് ഉടമകൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. ഇന്നലെ മുതൽ കണ്ടെയ്നർ ട്രക്കുകൾ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.
ടോൾ പിരിവിനെതിരെ കണ്ടെയ്നർ ലോറി, കൊമേഴ്സ്യൽ വാഹന ഉടമകളും തൊഴിലാളികളും നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ഈ മാസം ആറ്, ഏഴ് തീയതികളിലും അനുരഞ്ജന ചർച്ചകൾ നടന്നിരുന്നു. സമയമായമുണ്ടാകാത്തതിനാൽ രമ്യമായ പരിഹാരത്തിന് സർക്കാർതല ഇടപെടൽ നടത്തുന്നതിന് ജില്ലാ ഭരണകൂടം സർക്കാരിലേക്ക് ശിപാർശ നൽകിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഈ മാസം ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചത്. ചർച്ചകളിൽ കെ.ജെ. മാക്സി എംഎൽഎയും പങ്കെടുത്തു. അതേസമയം ടോൾ പിരിവ് സംബന്ധിച്ച് അടുത്തദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തുമെന്ന് കണ്ടെയ്നർ മോണിട്ടറിംഗ് കമ്മിറ്റി കണ്‍വീനർ ചാൾസ് ജോർജ് പറഞ്ഞു. ചർച്ചയിലെ തീരുമാനപ്രകാരമായിരിക്കും തുടർനടപടികളിലേക്ക് കടക്കുകയെന്നും അദ്ദേഹം അറിയിച്ചു.