ലണ്ടൻ: ലണ്ടനു സമീപം എസക്സിൽ ലോറിയിൽ ചൈനീസ് പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യക്കടത്ത് സംഘത്തെ കണ്ടെത്താൻ റെയ്ഡുകൾ തുടരുന്നു.നോർത്തേൺ അയർലൻഡി ലെ മൂന്നു സ്ഥലങ്ങളിൽ പോലീസ് റെയ്ഡ് നടത്തി. ബ്രിട്ടനിലേക്ക് മനുഷ്യക്കടത്തു നടത്തുന്നതിനിടെ സംഭവിച്ച ദുരന്തമാണിതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ അറസ്റ്റിലായ വടക്കൻ അയർലൻഡ് സ്വദേശി മോ റോബിൻസണെ(25) പോലീസ് ചോദ്യംചെയ്തുവരുന്നു. റോബിൻസണിനെതിരേ കുറ്റം ചുമത്തിയിട്ടില്ല.
കണ്ടെയ്നർ നിറയെ മൃതദേഹം
എസക്സിലെ വാട്ടർഗ്ലേഡ് വ്യവസായ പാർക്കിൽ ബുധനാഴ്ച പുലർച്ചെയാണ് മൃതദേഹങ്ങൾ നിറഞ്ഞ കണ്ടെയ്നർ കണ്ടെത്തിയത്. ആംബുലൻസ് സർവീസിൽനിന്നു കിട്ടിയ സൂചനയനുസരിച്ച് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. 31 പുരുഷന്മാരുടെയും എട്ടു സ്ത്രീകളുടെയും മൃതദേഹങ്ങളാണു കാണപ്പെട്ടത്. ഇവരെ തിരിച്ചറിയുന്നതിനുള്ള ശ്രമം ആരംഭിച്ചു.
ചൈനീസ് എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സാധാരണയായി അയർലണ്ടിൽ നിന്നും ബിസ്കറ്റുകളും കൂണും കൊണ്ട് വരാൻ ഉപയോഗിക്കുന്നതാണീ റഫ്രജറേറ്റഡ് ലോറി.നീണ്ട 15 മണിക്കൂറുകൾ ഇവർ ലോറിയിലെ തണുപ്പിൽ മരവിച്ച് മരിക്കുകയായിരുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ടെയ്നറിലെ താപനില മൈനസ് 25 ഡിഗ്രിയാണ്.
ലോറിയും കണ്ടെയ്നറും രണ്ടു റൂട്ടിൽ
ലോറിയും അതിനു പിന്നിലെ, കണ്ടെയ്നർ കയറ്റിയ ട്രെയ്ലറും രണ്ടു റൂട്ടിലൂടെയാണ് ബ്രിട്ടനിലെത്തിയതെന്ന് പോലീസ് പറഞ്ഞു. കണ്ടെയ്നർ ബെൽജിയത്തിലെ സീബ്രഗ്ഗിൽനിന്നും ലോറി ഡബ്ളിനിൽനിന്നുമാണ് എത്തിയത്. എസക്സിലെ പർഫ്ലീറ്റിൽ വച്ചാണ് കണ്ടെയ്നർ ലോറിയിൽ ഘടിപ്പിച്ചത്.
കണ്ടെയ്നർ ലോറി ബൾഗേറിയയിൽനിന്ന് എത്തിയതാണെന്നാണ് ആദ്യം കരുതിയിരുന്നത്. ലോറി ബൾഗേറിയയിലെ വാർണയിൽ ഒരു എെറിഷ് പൗരന്റെ കന്പനിയുടെ പേരിൽ 2017ൽ രജിസ്റ്റർ ചെയ്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. സീബ്രഗ്ഗിൽ ചൊവ്വാഴ്ച എത്തിയ കണ്ടെയ്നർ അന്നുതന്നെ ബ്രിട്ടനു തിരിച്ചെന്നു ബൽജിയത്തിലെ ഫെഡറൽ പബ്ളിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞു.
സീബ്രഗിൽ വച്ചാണോ അവിടെനിന്നും പുറപ്പെട്ട ശേഷമാണോ കണ്ടെയ്നറിൽ അനധികൃത കുടിയേറ്റക്കാരെ കയറ്റിയതെന്നു വ്യക്തമല്ല. 2000 ജൂണിൽ ബ്രിട്ടനിലെ ഡോവറിൽ ഒരു ഒരു ട്രക്ക് കണ്ടെയ്നറിൽ 58 ചൈനക്കാരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.