ചാവക്കാട്: കേന്ദ്ര സർക്കർ സഹായത്തോടെ കടപ്പുറം മാട്ടുമ്മലിൽ ആറ് കോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച ബ്ലാങ്ങാട് 33 കെവി കണ്ടെയ്നറൈസ്ഡ് സബ് സ്റ്റേഷൻ നാളെ പ്രവർത്തനം ആരംഭിക്കുമെന്ന് കെ.വി.അബ്ദുൾ ഖാദർ എംഎൽഎ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.എൻ.കലാധരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സബ് സ്റ്റേഷൻ പരിസരത്ത് നാളെ ഉച്ചകഴിഞ്ഞ് നാലിന് നടക്കുന്ന ചടങ്ങിൽ വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. എംഎൽഎ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സി.എൻ.ജയദേവൻ എംപി മുഖ്യാതിഥിയാകും.കണ്ടെയ്നറൈസ്ഡ് സബ് സ്റ്റേഷൻ തൃശൂർ ജില്ലയിൽ ആദ്യമായാണ് സ്ഥാപിക്കുന്നത്.
സംസ്ഥാനത്ത് നാലാമത്തേതാണ്. ചെറിയ സ്ഥലത്ത് സബ് സ്റ്റേഷൻ സ്ഥാപിക്കാൻ കഴിയുമെന്നതാണ് കണ്ടെയ്നറൈസ്ഡിന്റെ പ്രത്യേകത. 23 സെന്റ് സ്ഥലത്താണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ചത്.
കടപ്പുറം, ഒരുമനയൂർ, പുന്നയൂർ എന്നീ പഞ്ചായത്തുകൾക്കും ചാവക്കാട് മുനിസിപ്പാലിറ്റിക്കും വാടാനപ്പള്ളി മുതൽ വടക്കോട്ടുള്ള തീരപ്രദേശത്തിനും വലിയതോതിൽ വൈദ്യുതി തടസമില്ലാതെ ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
പുന്ന സബ് സ്റ്റേഷനിൽ നിന്ന് കനോലി കനാലിന്റെ അടിത്തട്ടിൽ കൂടി കടത്തിവിടുന്ന കേബിളും ബാക്കി റോഡു വഴിയുമാണ് ബ്ലാങ്ങാട് സബ് സ്റ്റേഷനിൽ വൈദ്യുതി എത്തിക്കുന്നത്.6.01 കോടിയിൽ 1.09 കോടി രൂപ യുപിഎ സർക്കാരിന്റെ കാലത്ത് അനുവദിച്ചതാണ്. ബാക്കി തുക സംസ്ഥാന സർക്കാരും കഐസ്ഇബിയും ചേർന്നാണ് പൂർത്തീകരിച്ചത്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരായ ടോണി വർഗീസ്, സി.എസ്. അജിത്കുമാർ, കെ.എസ്.സുരേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.