പത്തനംതിട്ട: പ്രതിവാര കോവിഡ് രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ (ഡബ്ല്യുപിആര്) വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ആക്ഷേപം.
ഡബ്ല്യുപിആര് ഏഴ് ശതമാനത്തിനു മുകളിലുള്ള മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും അടച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ നഗരപ്രദേശങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് നിയന്ത്രണം.
സമീപ പഞ്ചായത്തുകളില്‍ നിയന്ത്രണം ഇല്ലാതിരിക്കേ രോഗബാധ കൂടിയ വാര്‍ഡുകള്‍ ഉണ്ടെന്ന പേരില്‍ ഗ്രാമപഞ്ചായത്ത് പൂര്‍ണമായി അടച്ചിടുന്നത് അശാസ്ത്രീയമാണെന്ന് വിദഗ്ധാഭിപ്രായം.
രോഗബാധ കൂടുതലുള്ള വാര്‍ഡുകള്‍ നിലവില്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്.
ഇതൂകൂടാതെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.
അപ്രായോഗികം
പൊതുഗതാഗതം അടക്കം അനുവദിച്ചിട്ടുണ്ടെങ്കിലും ട്രിപ്പിള്‍ ാേലക്ഡൗണ് നിലവിലുള്ള പ്രദേശങ്ങളില്‍ ബസുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ലെന്നാണ് നിര്‍ദേശം.
എന്നാല്‍ ഇതു പ്രായോഗികമല്ല. വിവിധ പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍ എന്നിവ നടന്നുവരുന്നുണ്ട്. ഇതില്‍ പങ്കെടുക്കാനായി പോകേണ്ടവര്‍ക്ക് യാത്രാസൗകര്യം നല്‍കേണ്ടിവരും.
ഹയര്‍ സെക്കന്‍ഡറി, ബിരുദ പരീക്ഷകള്‍ക്കും മറ്റ് ഉന്നത കോഴ്സുകള്‍ക്കും അപേക്ഷ നല്കുന്ന സമയമാണ്. ഇതോടൊപ്പം വിവിധ സ്കോളര്‍ഷിപ്പുകള്‍, പ്രവേശന പരീക്ഷകള്‍ എന്നിവയും നടന്നുവരുന്നു.
പുറത്തിറങ്ങുന്നവരെ മുഴുവന്‍ തടഞ്ഞു പിഴ ഈടാക്കുന്ന സമീപനമാണ് പോലീസിന്റേത്. വാക്സിനേഷന് കേന്ദ്രങ്ങളിലേക്കു പോയവരെ പോലും തടഞ്ഞു.
നിയന്ത്രണങ്ങളിൽ
എട്ടുനോമ്പാചരണം അടക്കം ക്രൈസ്തവ ദേവാലയങ്ങളില്‍ വളരെ വിശേഷപ്പെട്ട ദിനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മൂന്നിലൊന്നു പ്രദേശങ്ങളിലെ നിയന്ത്രണങ്ങള്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഒരേപോലെ ബുദ്ധിമുട്ടായി.
തിങ്കളാഴ്ച രാത്രി ജില്ലാ കളക്ടര്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളിലെ നിയന്ത്രണം ഇന്നലെ മുതല്‍ പോലീസും ആരോഗ്യം, റവന്യവകുപ്പുകളും ചേര്‍ന്നു കടുപ്പിച്ചു.
ജില്ലയിലെ മൂന്നിലൊന്നു പ്രദേശങ്ങളിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ്. 17 ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണമായും 20 നഗരവാര്ഡുകളും ഈ പട്ടികയിലുണ്ട്.
ഇതുകൂടാതെയാണ് മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍. രോഗബാധ കൂടുതലുള്ള വാര്‍ഡുകളിലേക്കു മാത്രമായി നിയന്ത്രണം ക്രമീകരിക്കണമെന്ന ആവശ്യമുണ്ടായിട്ടുണ്ട്.