ആലപ്പുഴ: ജില്ലയിൽ കണ്ടെയ്ൻമെന്റ് ചെയ്ത വാർഡുകളിൽ വാഹന ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണ വിധേയമായി മാത്രമാണ് ഇളവുകൾ ഉള്ളത്.
ഈ വാർഡുകളിലെ അവശ്യ/ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കടകൾക്ക് രാവിലെ ഏഴുമുതൽ ഉച്ചയ്ക്കു രണ്ടുവരെ പ്രവർത്തിക്കാം. പൊതുവിതരണ സ്ഥാപനങ്ങൾ രാവിലെ എട്ടു മുതൽ ഉച്ചയ്ക്കു രണ്ടുവരെ തുറക്കാം. ഒരേസമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. മറ്റു സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.
വാർഡിൽ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടം കൂടരുത്. ഇത്തരം വാർഡിൽ താമസിക്കുന്നവർക്കു പുറത്തു നിന്ന് അവശ്യവസ്തുക്കൾ ആവശ്യമായിവരുന്ന പക്ഷം പോലീസ്-റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ സഹായം തേടാവുന്നതാണ്. ആരാധനാലയങ്ങൾ തുറക്കരുത്.
വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കു സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 20 പേർക്കു പങ്കെടുക്കാം. ഈ വാർഡ് സെക്ടറൽ മജിസ്ട്രേറ്റ്, പോലീസ്, തദ്ദേശസ്വയംഭരണവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ ശക്തമായ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും.
നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ പകർച്ചവ്യാധി നിയന്ത്രണനിയമം, 2005 ദുരന്തനിവാരണനിയമം എന്നിവ പ്രകാരവും ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188, 269 പ്രകാരവും നിയമനടപടികൾ ഉണ്ടാവും.